കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷം ബിബിസി നല്‍കിയ ശമ്പളം മുന്‍ വാര്‍ത്താ അവതാരകന്‍ ഹൗ എഡ്വാര്‍ഡ്‌സ് തിരിച്ചുനല്‍കണമെന്ന് കള്‍ച്ചര്‍ സെക്രട്ടറി ലിസാ നന്ദി. കഴിഞ്ഞ നവംബറില്‍ രഹസ്യമായി അറസ്റ്റിലായത് മുതല്‍ ഏപ്രിലില്‍ രാജിവെയ്ക്കുന്നത് വരെ ശമ്പളം ലഭിച്ചുവെന്നത് തെറ്റാണെന്ന് നന്ദി പറഞ്ഞു.
200,000 പൗണ്ടാണ് എഡ്വാര്‍ഡ്‌സ് ശമ്പള ഇനത്തില്‍ കൈപ്പറ്റിയത്. പാരീസ് ഒളിംപിക്‌സ് വേദിയില്‍ സംസാരിക്കവെയായിരുന്നു ശമ്പളം തിരിച്ചുനല്‍കാന്‍ അവതാരകന്‍ തയ്യാറാകണമെന്ന് ലിസാ നന്ദി ആവശ്യപ്പെട്ടത്. ഏഴ് വയസ്സ് വരെയുള്ള കുട്ടികളുടെ ചൂഷണ ചിത്രങ്ങളാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്.
'നവംബറില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കാണ് അയാളെ അറസ്റ്റ് ചെയ്തത്. എന്നിട്ടും രാജിവെയ്ക്കുന്നത് വരെ ശമ്പളം ലഭിച്ചുവെന്നത് തെറ്റായ കാര്യമാണ്, നികുതിദായകരുടെ പണം നല്ല രീതിയിലല്ല ഉപയോഗിച്ചത്', നന്ദി പറഞ്ഞു. അതേസമയം ശമ്പളം തിരിച്ച് നല്‍കണോ, വേണ്ടയോ എന്നത് എഡ്വാര്‍ഡ്‌സിന്റെ തീരുമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ കള്‍ച്ചര്‍ സെക്രട്ടറി ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയെ വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റിന് ശേഷവും ശമ്പളം തുടര്‍ന്ന് നല്‍കിയ ബിബിസി തീരുമാനമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.