സൗത്ത്‌പോര്‍ട്ടില്‍ നടന്ന കത്തിക്കുത്തും, മൂന്നു കുട്ടികളുടെ കൊലപാതകവും തീവ്രവലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നു. കൊലപാതകങ്ങളുടെയും പേരിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ബ്രിട്ടനിലെ തെരുവുകളില്‍ അരങ്ങേറുന്നതിനിടെ കൊള്ളയും, കലാപവും ശക്തമാവുകയാണ്. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിരവധി ഭാഗങ്ങളില്‍ കടകള്‍ തല്ലിത്തകര്‍ക്കുകയും, കവര്‍ച്ചയ്ക്ക് ഇരയാക്കുകയും ചെയ്തു.
ഒന്‍പത് നഗരങ്ങളിലാണ് അക്രമികളും, പോലീസും ഇതുവരെ ഏറ്റുമുട്ടിയത്. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകങ്ങള്‍ അഭയാര്‍ത്ഥി നടത്തിയതാണെന്ന പ്രചരണത്തിന്റെ ചുവടുപിടിച്ചാണ് പ്രതിഷേധങ്ങള്‍. ഇത് തെറ്റാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെങ്കിലും പ്രതിഷേധങ്ങള്‍ കുടിയേറ്റ വിരുദ്ധ നിലയിലേക്ക് പടരുകയാണ്.
ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, സണ്ടര്‍ലാന്‍ഡ്, പോര്‍ട്‌സ്മൗത്ത്, ഹള്‍, ബ്ലാക്ക്പൂള്‍, ബ്രിസ്റ്റോള്‍, ബെല്‍ഫാസ്റ്റ് സ്റ്റോക്ക്, നോട്ടിംഗ്ഹാം, ലീഡ്‌സ് എന്നിവിടങ്ങളിലാണ് ആയിരക്കണക്കിന് കലാപകാരികള്‍ തെരുവിലിറങ്ങിയത്. ഇതോടൊപ്പം ഈ ഭാഗങ്ങളിലെ ഷോപ്പുകളില്‍ നിന്നും അക്രമികള്‍ വൈന്‍ ബോട്ടിലും, ഷൂവും, ഫോണുകളും വരെ കൊള്ളയടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്. ലിവര്‍ പൂളില്‍ മുഖത്ത് കാര്യമായ പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ കല്ലേറും, അക്രമങ്ങളും രൂക്ഷമായതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവങ്ങളില്‍ 90-ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെരുവുകളെ സുരക്ഷിതമാക്കാന്‍ പോലീസിന് എല്ലാ നടപടികളും കൈക്കൊള്ളാമെന്നും, ഇതിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
അക്രമങ്ങള്‍ക്ക് ബ്രിട്ടീഷ് തെരുവുകളില്‍ സ്ഥാനമില്ലെന്നും, അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഹോം സെക്രട്ടറി യുവെറ്റ് കൂപ്പറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം തെമ്മാടികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്ന പോലീസിന് എല്ലാ പിന്തുണയുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്ത അക്രമ സംഭവങ്ങളിലായി ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കാമെന്നും യുവെറ്റ് കൂപ്പര്‍ അറിയിച്ചു.