ലേബര്‍ ഗവണ്‍മെന്റ് തങ്ങളുടെ ആദ്യ ബജറ്റില്‍ ജനത്തിന് വലിയ ഭാരം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. മിക്ക നികുതികളും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയതിന് പിന്നാലെ ഡ്രൈവര്‍മാരെ പിഴിയാന്‍ ഗവണ്‍മെന്റ് ആലോചന സജീവമാക്കിയെന്നാണ് വ്യക്തമാകുന്നത്. 'വേദനിപ്പിക്കുന്ന' ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഇന്ധന ഡ്യൂട്ടിയെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുഖജനാവില്‍ കുറവുള്ള 22 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി കുറയ്ക്കാനാണ് ഒക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ മോട്ടോറിസ്റ്റുകള്‍ ജാഗ്രത പാലിക്കാനാണ് ആര്‍എസി അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 മാര്‍ച്ചില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ലിറ്ററിന് 5 പെന്‍സ് ഫ്യൂവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. കൂടാതെ 2011 മാര്‍ച്ച് മുതല്‍ നികുതി 57.95 പെന്‍സില്‍ മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
എന്നാല്‍ റീവ്‌സ് ഇത് ലിറ്ററിന് 58 പെന്‍സിലേക്ക് ഉയര്‍ത്തുമെന്ന് ആര്‍എസി മുന്നറിയിപ്പില്‍ പറയുന്നു. ലിറ്ററില്‍ 10 പെന്‍സ് വരെ ഇന്ധന ഡ്യൂട്ടി ഉയര്‍ത്താനുള്ള സാധ്യതയും ട്രഷറി ആലോചിക്കുന്നതായി ഫെയര്‍ഫ്യുവല്‍ യുകെ സ്ഥാപകന്‍ ഹോവാര്‍ഡ് കോക്‌സ് ചൂണ്ടിക്കാണിച്ചു. പൊതുമേഖലാ ജീവനക്കാര്‍ക്ക് നല്‍കുന്ന ബമ്പര്‍ ശമ്പളവര്‍ധനവുകളുടെ ഭാരമാണ് ജനം ചുമക്കേണ്ടി വരുന്നതെന്ന് ടോറികള്‍ ആരോപിച്ചു.