ബ്രിട്ടനില്‍ ജോലി ചെയ്യാത്ത കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കില്‍ എത്തിയെന്ന് കണക്കുകള്‍. ഇതുമൂലം നികുതിദായകന് 8 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരമാണ് ചുമക്കേണ്ടി വരുന്നത്. യുകെ പൗരന്‍മാരല്ലാത്ത 1,689,000 പേരാണ് തൊഴിലില്ലാത്തവരും. സാമ്പത്തികമായി ആക്ടീവല്ലാതെയും ഇരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇവര്‍ ജോലിക്കായി ശ്രമിക്കുന്നില്ലെന്നതാണ് അതിലേറെ ഞെട്ടിക്കുന്ന വിഷയം. 2024-ലെ രണ്ടാം പാദത്തിലെ കണക്കുകള്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 1,676,000 എന്ന റെക്കോര്‍ഡിനെയാണ് മറികടന്നത്.
2013 തുടക്കത്തില്‍ 1,628,000 എന്ന മുന്‍ റെക്കോര്‍ഡിനെയും പുതിയ കണക്കുകള്‍ ഭേദിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. വിദേശത്ത് ജനിച്ച് യുകെയില്‍ താമസിക്കാന്‍ അവകാശം നേടിയ 16 മുതല്‍ 64 വയസ്സ് വരെ ഉള്ളവരാണ് ഇതില്‍ പെടുന്നത്. കണക്കുകളില്‍ വിദ്യാര്‍ത്ഥികളും, അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നില്ല.
കുടിയേറ്റക്കാരിലെ റെക്കോര്‍ഡ് തൊഴിലില്ലായ്മ മൂലം നികുതിദായകര്‍ക്ക് ചെലവ് പ്രതിവര്‍ഷം 8.5 ബില്ല്യണ്‍ പൗണ്ടാണെന്നാണ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോളിലെ ഗവേഷകര്‍ കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ട്രാന്‍സ്‌പോര്‍ട്ട്, ഹൗസിംഗ് ചെലവുകള്‍ക്ക് പുറമെ വെല്‍ഫെയറും കണക്കാക്കിയാല്‍ തൊഴിലില്ലാത്ത കുടിയേറ്റക്കാരെ തീറ്റിപ്പോറ്റാനുള്ള പൊതുപണത്തിന്റെ അളവ് 20.3 ബില്ല്യണ്‍ പൗണ്ട് വരെ ഉയരുമെന്നും കണക്കാക്കുന്നു. ഇതോടെ നിയമപരമായ കുടിയേറ്റം തടയാന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ശക്തമാകും.