ഹമാസിനെതിരെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധം തുടരുമ്പോള്‍ നിലപാട് മാറ്റി യുകെ. ഇസ്രയേലിനുള്ള ആയുധ വില്‍പ്പനയില്‍ ഭാഗിക സസ്‌പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയാണ് ബ്രിട്ടന്‍ വ്യക്തമായ നിലപാട് മാറ്റം പ്രകടമാക്കുന്നത്. ഉപകരണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി വ്യക്തമാക്കുന്നത്.
ഈ റിവ്യൂ മുന്‍നിര്‍ത്തി ഇസ്രയേലിനുള്ള 350 ആയുധ കയറ്റുമതിയില്‍ 30 എണ്ണം സസ്‌പെന്‍ഡ് ചെയ്യുന്നതായാണ് ഫോറിന്‍ സെക്രട്ടറി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്റര്‍, ഡ്രോണ്‍ എന്നിവയുടെ ഭാഗങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെ വിലക്ക് ബാധിക്കും.
എന്നാല്‍ ബ്രിട്ടന്റെ സന്ദേശം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഇസ്രയേല്‍ മന്ത്രി പറഞ്ഞു. ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിന് യുകെ പിന്തുണ തുടരുമെന്നും, ആയുധങ്ങള്‍ നല്‍കുന്നത് പൂര്‍ണ്ണമായി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലാമി പറഞ്ഞു.
ഹമാസ് ടണലുകളില്‍ കൊല്ലപ്പെട്ട ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ മറവുചെയ്യുമ്പോഴാണ് ഈ തീരുമാനം വരുന്നതെന്ന് ഇസ്രയേല്‍ ഡയസ്‌പോറ അഫയേഴ്‌സ് മന്ത്രി അമിചായി ചിക്ലി റേഡിയോ 4നോട് പറഞ്ഞു. പാശ്ചാത്യ സംസ്‌കാരവും, തീവ്ര ഇസ്ലാമും തമ്മിലുള്ള യുദ്ധമാണ് ഐഎസിനും, അല്‍ഖ്വായ്ദയ്ക്കും, ഹമാസിനും എതിരെ നടക്കുന്നത്. തീവ്രവാദത്തെ ഒരുമിച്ച് നേരിടണം. ഹമാസില്‍ നിന്നുള്ള ഭീഷണിയാണ് യുകെ തെരുവുകളിലും നേരിടുന്നത്, ഇസ്രയേല്‍ മന്ത്രി പറഞ്ഞു.