യുകെയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പടിഞ്ഞാറന്‍ ലണ്ടനിലെ സ്‌കൂളില്‍ നിന്ന് പുറത്തുവന്ന 14 കാരിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന 16 കാരനും പരിക്കുണ്ട്. ഇവരെ സഹായിക്കാന്‍ ശ്രമച്ച മറ്റൊരു ജീവനക്കാരിക്കും നേരിയ പരിക്കുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.
വെസ്റ്റ്‌ബോണ്‍ പാര്‍ക്കിലെ വെസ്റ്റ്മിന്‍സറ്റര്‍ അക്കാദമിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കറുത്ത വസ്ത്രം ധരിച്ച് മുഖം മറച്ച് സ്‌കൂട്ടറിലെത്തിയയാള്‍ ആസിഡ് ഒഴിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ആണ്‍കുട്ടി സ്‌കൂളിലെ വിദ്യാര്‍ത്ഥി അല്ലെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമി അധികൃതര്‍ പറഞ്ഞു.
ഉടന്‍ പൊലീസും രക്ഷാ പ്രവര്‍ത്തകരുമെത്തി. ആക്രമണത്തിന് ഉപയോഗിച്ച പദാര്‍ത്ഥം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.
ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ നുമേര അന്‍വര്‍ പറഞ്ഞു.സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.