ഷിസോഫെര്‍ണീയ എന്ന അതീവ ഗുരുതരമായ മാനസിക രോഗം ബാധിച്ച അമ്മ പതിനൊന്ന് കുത്തുകള്‍ കുത്തി മകളെ കൊന്നതിന് ആജീവനാന്ത ആശുപത്രി വാസം. ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും ചിന്താഗതിയെയും, തോന്നലുകളെയുമൊക്കെ ബാധിക്കുന്ന രോഗമാണ് ഷിസോഫെര്‍ണീയ. ഉറങ്ങിക്കിടക്കുമ്പോള്‍ മകളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയായിരുന്നു കൊല. ലേസറുകളും സാങ്കേതികവിദ്യകളുമായി ആരൊക്കെയോ തന്നെയും മകളെയും ഉന്നം വയ്ക്കുന്നു എന്ന തോന്നലാണ് ജസ്‌കിരാത് കൗര്‍ എന്ന ഈ 33കാരിയെ തന്റെ 10 വയസ്സുകാരി മകള്‍ ഷേ കാംഗിനെ കൊല്ലാന്‍ പ്രേരിപ്പിച്ചത്.
ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. മാര്‍ച്ച് നാലിന് കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വരെ ഈ അഞ്ചാം ക്ലാസ്സുകാരി തന്റെ വീടിന് പുറത്ത് മറ്റു കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ റൗളി റെഗിസിലാണ് ഇവരുടെ വീട്. മകളുടെ നെഞ്ചില്‍ 11 തവണ കത്തി കയറ്റി ഇറക്കിയശേഷം തന്റെ മകള്‍ മരിച്ചുവെന്ന് കൗര്‍ തന്നെയായിരുന്നു 999 എന്ന നമ്പറില്‍ വിളിച്ച് അറിയിച്ചത്.
നരഹത്യ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയ കോടതിയാണ് ഇവരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജീവിതകാലം മുഴുവന്‍ ആശുപത്രിയില്‍ കഴിയാന്‍ വിധിച്ചത്. വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ഇന്നലെ ശിക്ഷ വിധിച്ചത്. ഫോണിലൂടെ അറിയിപ്പ് ലഭിച്ച് വീട്ടിലെത്തിയ പോലീസിനോട് അവര്‍ പറഞ്ഞത്, ലേസറും മറ്റുമായി ആരൊക്കെയോ തങ്ങളെ ഉന്നം വയ്ക്കുന്നു എന്നും അവരുടെ കൈയില്‍ അകപ്പെടാതിരിക്കാനാണ് മകളെ കൊന്നത് എന്നുമാണ്.