ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റില്‍ സമ്മിശ്രപ്രതികരണം. തൊഴിലാളികള്‍ക്ക് നാഷണല്‍ വേജ് ഉയര്‍ത്തി സന്തോഷിക്കാനുള്ള വക നല്‍കിയപ്പോള്‍ ബിസിനസുകള്‍ക്കു ആഘാതവുമാണ്. നാഷണല്‍ വേജ് ഉയര്‍ത്തിയതിനൊപ്പം തൊഴിലാളികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കനത്ത പ്രഹരം. തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് കൂടി വര്‍ധിപ്പിച്ചു ഇരട്ട പ്രഹരമാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നത്.
2025 ഏപ്രില്‍ മുതല്‍ നാഷണല്‍ വേജ് മണിക്കൂറില്‍ 12.21 പൗണ്ടാക്കി. ഇത് കൂടാതെയാണ് ഇന്‍ഷുറന്‍സ് വര്‍ധനയുടെ അധികഭാരം കൂടി തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടി വരുക. ഇതോടെ ഒരു ജീവനക്കാരന് മണിക്കൂറില്‍ 15 പൗണ്ടിലേറെ ചെലവഴിക്കേണ്ടിവരും. ഇത് ചെറുകിട ബിസിനസുകളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കുമോയെന്ന ആശങ്കയും ശക്തമാണ്. വലിയ ബിസിനസുകള്‍ക്കു തങ്ങളുടെ ലാഭത്തില്‍ കുറവുവരുമെങ്കിലും പിടിച്ചു നില്‍ക്കാനാവും എന്നാല്‍ സമ്പദ്‌വ്യവസ്ഥയയുടെ പ്രധാന വിഭാഗമായ ചെറുകിട ബിസിനസുകളുടെ ഭാവി വലിയ ചോദ്യചിഹ്നമാവും.
ഇതിനെ നേരിടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനം ശക്തമായി. ഇത് തൊഴില്‍ തേടി ബ്രിട്ടനില്‍ എത്തുന്ന മലയാളികളെയും പ്രതികൂലമായി ബാധിക്കും.
ഏപ്രില്‍ ഒന്നു മുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കണം. ഇത്തരത്തില്‍ 25 ബില്യണ്‍ പൗണ്ട് അധികമായി ഓരോ വര്‍ഷവും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ദേശീയ ഇന്‍ഷുറന്‍സില്‍ അനുവദിച്ചിരുന്ന എംപ്ലോയ്മെന്റ് അലവന്‍സ് അയ്യായിരം പൗണ്ടില്‍ നിന്നും 10,500 ആയി ഉയര്‍ത്താനും തീരുമാനിച്ചു.
നാഷണല്‍ വേജ് കൂട്ടുന്നത് മൂലം വിലക്കയറ്റം ഉയരുമോയെന്നും അത് പലിശ നിരക്കിനെയും മോര്‍ട് ഗേജിനെയും ഉയര്‍ത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. ചുരുക്കത്തില്‍ പുറമെ ആകര്‍ഷകമെന്ന് തോന്നുന്ന ബജറ്റില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും വലുതാണ്.