യു.കെ.വാര്‍ത്തകള്‍

റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍; യുകെ മലയാളി സമൂഹത്തിനു ചരിത്ര നേട്ടം


യുകെയില്‍ ആദ്യമായി മലയാളി എംപി ഉണ്ടായതിനു പിന്നാലെ രാജ്യത്തെ അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്(ആര്‍സിഎന്‍) പ്രസിഡന്റായി മലയാളി ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ നഴ്സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ നേട്ടം. ആര്‍സിഎന്‍ ആരോഗ്യ മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ നേതൃത്വത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. ബിജോയ് സെബാസ്റ്റ്യനെ പ്രസിഡന്റ് ആയും പ്രൊഫസര്‍ ആലിസണ്‍ ലീറി യെ ഡെപ്യൂട്ടി പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് തന്നെ ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്സാണ്.

യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളജ് ഓഫ് നഴ്സിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചത്.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് പഠനത്തിനും ഒരുവര്‍ഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാന്‍ഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ല്‍ ബാന്‍ഡ്-6 നഴ്സായും 2016ല്‍ ബാന്‍ഡ്-7 നഴ്സായും കരിയര്‍ മെച്ചപ്പെടുത്തി. 2021ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012ല്‍ റോയല്‍ കോളജ് ഓഫ് നഴ്സിങ്ങില്‍ അംഗത്വം എടുത്തു.

ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ നഴ്സുമാരാണ്.

ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളില്‍ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. എല്ലാവരും ചേര്‍ന്നുപ്രവര്‍ത്തിച്ച് നഴ്സിങ് പ്രഫഷനെ കൂടുതല്‍ വില മതിക്കുന്നതും ബഹുമാനം അര്‍ഹിക്കുന്നതുമാക്കി മാറ്റാനാകും ശ്രമം. അംഗങ്ങള്‍ക്കായി യൂണിയന്‍ കൂടുതല്‍ ഒരുമയോടെ കരുത്തുള്ള ശബ്ദമായി മാറുമെന്നും ബിജോയ് വ്യക്തമാക്കി.

നഴ്സുമാരുടെ വേതന വര്‍ധനവിനായി സമരം നടത്തുന്ന ആര്‍സിഎന്‍, സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചര ശതമാനം വേതന വര്‍ധന തള്ളിയ സാഹചര്യത്തില്‍ അടുത്ത നീക്കം എന്തെന്ന് തീരുമാനിക്കേണ്ടത് ബിജോയ് ഉള്‍പ്പെടെ ഇപ്പോള്‍ വിജയിച്ചെത്തിയ പുതിയ പാനല്‍ അംഗങ്ങളാണ്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions