ഹര്‍ഷിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; പ്രതി ഇന്ത്യയില്‍ ഒളിവിലെന്ന്
ഈസ്റ്റ് ലണ്ടനില്‍ 24 കാരി ഹര്‍ഷിത ബെല്ലയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് സ്ഥിരീകരണം. ഇതിന് ശേഷം മൃതദേഹം കാറിന്റെ ബൂട്ടിലിട്ട് താമസ സ്ഥലത്തു നിന്ന് നൂറു മൈല്‍ അകലെ ഈസ്റ്റ് ലണ്ടനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹര്‍ഷിതയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈസ്റ്റ് ലണ്ടനില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് 23 കാരന്‍ പങ്കജ് ലാംബ തന്നെയാണ് കൊല ചെയ്ത ശേഷം മുങ്ങിയതെന്ന് പൊലീസ് കരുതുന്നു. ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായിട്ടാണ് റിപ്പോര്‍ട്ട്.
അതിനിടെ ഹര്‍ഷിത ബ്രെല്ലയുടെ മരണത്തില്‍ പൊലീസിനെ വിമര്‍ശിച്ച് കുടുംബം രംഗത്തെത്തി. കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
നവംബര്‍ 10 ഞായറാഴ്ചയാണ് ഹര്‍ഷിതയുടെ മൃതദേഹം ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്. ഭര്‍തൃ പീഡനത്തില്‍ യുവതി സഹായം തേടി പൊലീസിനെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്തിലായിരുന്നു സംഭവം. എന്നാല്‍ ആ സമയം പൊലീസ് കൃത്യമായ നടപടി കൈക്കൊണ്ടില്ലെന്ന് സഹോദരി സോണി പറയുന്നു.
പങ്കജ് ലാംബയുമായി കുടുംബങ്ങള്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. 2023 ആഗസ്തിലായിരുന്നു വിവാഹം. എന്നാല്‍ ആഗസ്ത് അവസാനത്തോടെ ദമ്പതികള്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ട അവസ്ഥയായി. ലാംബ പതിവായി ഹര്‍ഷിതയെ മര്‍ദ്ദിച്ചിരുന്നു. പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നല്ലാതെ മറ്റൊന്നും അന്വേഷിച്ചില്ല. സുരക്ഷിതമാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിച്ചെങ്കില്‍ ഹര്‍ഷിത കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.