റഷ്യന്‍ ഭീഷണി: ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍
ബ്രിട്ടന്റെ പ്രതിരോധ ചെലവുകള്‍ കൂട്ടാന്‍ കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. പ്രതിരോധ ചെലവുകള്‍ ദേശീയ വരുമാനത്തിന്റെ 2.5 ശതമാനമായി ഉയര്‍ത്താനാണു പദ്ധതി തയാറാക്കുന്നത്. ദീര്‍ഘകാലമായി രാജ്യത്തിന്റെ ആയുധ വിപുലീകരണത്തിനെ കുറിച്ച് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചു. അടുത്ത വസന്തകാലത്ത് പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍ പറഞ്ഞു.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. യുകെയുടെയും യുഎസിന്റെയും മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതിനുള്ള അനുവാദം യുക്രൈന് ഇരു രാജ്യങ്ങളും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് നേരിടുന്ന ഭീഷണിയുടെ വെളിച്ചത്തില്‍ നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മാര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സമയ പരിധി നല്‍കിയത്.
നിലവില്‍ രാജ്യത്തിന്റെ 2.3 ശതമാനമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. എങ്കിലും 2.5 ശതമാനം എന്നത് എപ്പോള്‍ കൈവരിക്കാനാകുമെന്നതിനെ കുറിച്ച് നിലവില്‍ പറയാന്‍ സാധിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. യുക്രൈനെ സഹായിക്കുന്നതിന്റെ പേരില്‍ ബ്രിട്ടന് റഷ്യയുടെ ഭീഷണിയുമുണ്ട്.
ഇതിനിടെ യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ആയിര കണക്കിന് ഉത്തരകൊറിയന്‍ സൈനികരെ വിന്യസിച്ചതിനെ കുറിച്ചും പ്രധാനമന്ത്രിയും നാറ്റോ സെക്രട്ടറിയുമായുള്ള സംഭാഷണങ്ങളില്‍ ചര്‍ച്ചയായി. എന്നാല്‍ 2.5 ശതമാനം എന്നത് അപര്യാപ്തമാണ് എന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. യുകെ കുറഞ്ഞത് 3 ശതമാനമെങ്കിലും ആയി പ്രതിരോധ ചെലവുകള്‍ ഉയര്‍ത്തണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.