ദയാവധ ബില്ലില്‍ മന്ത്രിസഭയിലും ഭിന്നത; ബില്ലിനെ എതിര്‍ക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി
ബ്രിട്ടനില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മന്ത്രിസഭയിലും ഭിന്നത. താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയുടെ മതവിശ്വാസം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ലോര്‍ഡ് ഫാള്‍ക്കണര്‍ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ ഫാള്‍ക്കണറുടെ പ്രസ്താവനയ്‌ക്കെതിരെ ക്രിസ്ത്യന്‍ എംപി റേച്ചല്‍ മാസ്‌കെല്ലാണ് രംഗത്ത് വന്നിരിക്കുന്നത്. ഫാള്‍ക്കണര്‍ പ്രസ്താവനയില്‍ ഖേദം അറിയിക്കണമെന്നാണ് മാസ്‌കെല്‍ ആവശ്യപ്പെടുന്നത്. വെള്ളിയാഴ്ച വോട്ട് ചെയ്യുന്ന എംപിമാര്‍ ബില്ലിനെ എതിര്‍ക്കണമെന്നാണ് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ സുരക്ഷിതമല്ലെന്നാണ് വാദം.
ദയാവധം നടപ്പാക്കുന്ന ബില്ലില്‍ അനവധി പഴുതുകള്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും ഇത് പാസാകാനുള്ള സാധ്യത ഒരുങ്ങുന്നു.
മൂന്നില്‍ രണ്ട് വോട്ടര്‍മാരും ആശയത്തെ പിന്തുണയ്ക്കുന്നതായി മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കി. പ്രധാനമായും എതിര്‍ക്കുന്ന ഏഴ് പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ മതപരമായ ആശയങ്ങള്‍ അധികമുള്ളവരാണ്, മുസ്ലീങ്ങളാണ് ഇവരില്‍ മുന്നില്‍.
മതവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയും, ബില്ലിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും വിവിധ വിഭാഗങ്ങള്‍ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബില്ലവതരണത്തിനു മുന്നേ ഭരണ പക്ഷത്തേയും പ്രതിപക്ഷത്തെയും മുതിര്‍ന്ന എംപിമാര്‍ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ഇതൊരു സ്വതന്ത്ര വോട്ടെടുപ്പായാണ് നടക്കുന്നത്. പാര്‍ട്ടി വിപ്പില്ലാതെ എംപിമാര്‍ക്ക് ഇതിനെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന കാര്യത്തില്‍ സ്വയം തീരുമാനിക്കാം.
ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും കണ്‍സര്‍വേറ്റിവ് എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ പ്രസ്താവനയിറക്കി. ധൃതിയില്‍ ഇതു നടപ്പാക്കിയാല്‍ ദുര്‍ബലരായ ആളുകള്‍ അപകടത്തിലാകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വിവിധ എംപിമാര്‍ വിഷയത്തില്‍ നിലപാട് അറിയിച്ചിട്ടില്ല. ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് ഉള്‍പ്പെടെ എതിര്‍ക്കുന്നുണ്ടെങ്കിലും കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ അധികം പേരും ബില്ലിനെ അനുകൂലിച്ചേക്കും.
ലേബര്‍ എംപി കിം ലീഡ്ബീറ്ററില്‍ ഒരു സ്വകാര്യ ബില്ലായാണ് അവതരിപ്പിക്കുന്നത്. നിയമ നിര്‍മ്മാണ വിഷയത്തില്‍ നിലവില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ശേഷിക്കുകയാണ്.
എന്‍എച്ച്എസ് സേവനത്തില്‍ അതൃപ്തിയുള്ള മാരക രോഗമുള്ളവര്‍ ദയാവധം തെരഞ്ഞെടുക്കാമെന്ന് എംപി ആന്റോണിയോ ബാന്‍സ് പറഞ്ഞു. പാലിയേറ്റിവ് കെയര്‍ മേഖലകളിലും ഇതു അപകട സാഹചര്യങ്ങളാകാമെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
2015 ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് ഇതു നിരസിക്കപ്പെട്ടു. എന്നാല്‍ ദയാവധം പലരാജ്യങ്ങളിലും നടപ്പിലുള്ളതിനാല്‍ ബില്ലിലെ എംപിമാരുടെ തീരുമാനം നിര്‍ണ്ണായകമാകും.
നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്.
നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് 'മരിക്കാനുള്ള അവകാശം' സമ്മാനിക്കപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ട്.