നിര്‍മ്മല നെറ്റോയ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി; മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക്
കാന്‍സറിനോട് പടപൊരുതി മരണത്തിന് കീഴടങ്ങിയ സ്റ്റോക്ക്‌പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ (37)യ്ക്ക് നിറകണ്ണുകളോടെ യാത്രാമൊഴി ചൊല്ലി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ചൊവ്വാഴ്ച ഹേസല്‍ ഗ്രോവിലെ സെന്റ് പീറ്റര്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നൂറിലധികം പേരാണ് പങ്കെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30 ആയപ്പോഴാണ് നിര്‍മ്മലയുടെ മൃതദേഹം പള്ളിമുറ്റത്തേക്ക് കൊണ്ടു വന്നത്. നാലു മണിയോടെ സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ വികാരി ഫാ. പീറ്ററിന്റെ നേതൃത്വത്തില്‍ മൃതദേഹം പള്ളിയ്ക്കകത്തേക്ക് ആനയിച്ചു. പള്ളി നിറയെ ഇംഗ്ലീഷ് കമ്മ്യൂണിറ്റിയും മലയാളികളും അടക്കം തിങ്ങിനിറഞ്ഞ് നിര്‍മ്മലയെ അവസാന നോക്കു കാണാന്‍ ജനങ്ങള്‍ എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം മലയാളത്തില്‍ ഒപ്പീസ് നടത്തി. അതിനു ശേഷം ഹെയ്‌സല്‍ ഗ്രൂ പാരിഷ് പ്രീസ്റ്റ് ഫാ. പീറ്റര്‍ മാസിന് നേതൃത്വം കൊടുത്തു. കുര്‍ബാനയ്ക്കിടെയുള്ള അച്ചന്റെ പ്രസംഗത്തില്‍ നിര്‍മ്മല എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന മുഖമായിരുന്നുവെന്നും ഇംഗ്ലീഷ് കമ്മ്യൂണിറ്റിയുമായി ചാരിറ്റിയിലടക്കം അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നുവെന്നും അച്ചന്‍ പറഞ്ഞു.
അതിനു ശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. അവസാന നോക്കു കാണാന്‍ എത്തിയവരെല്ലാം നിറകണ്ണുകളോടെയാണ് നിര്‍മ്മലയെ യാത്രയാക്കിയത്. സ്‌റ്റോക്ക്‌പോര്‍ട്ട് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു തോമസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. നിര്‍മ്മലയ്ക്ക് വേണ്ടി സഹായങ്ങള്‍ നല്‍കി ഒപ്പം നിന്ന ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്കും മലയാളികള്‍ക്കും നിര്‍മ്മലയുടെ അമ്മയുടേയും കുടുംബത്തിന്റെയും പേരില്‍ നന്ദി അറിയിച്ചു. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സ്റ്റോക്ക്‌പോര്‍ട്ട് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷൈജു തോമസ് അറിയിച്ചു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ കയറ്റുന്ന മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും.
സ്റ്റോക്ക്‌പോര്‍ട്ട് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ഷൈജു തോമസിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ നടന്നുവരുന്നത്. അസോസിയേഷന്‍ എക്‌സികുട്ടീവ് കമ്മിറ്റിയൊന്നാകെ സഹായഹസ്തവുമായി ഒപ്പമുണ്ട്. കാന്‍സര്‍ ബാധിച്ച് കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ.