കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ വര്‍ധിപ്പിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതോടെ കുടുംബങ്ങള്‍ക്ക് കുരുക്ക്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടൗണ്‍ ഹാളുകള്‍ ഇനി ജനങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി പിരിച്ചെടുക്കാന്‍ ശ്രമം തുടങ്ങും. 5 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാന്‍ ലോക്കല്‍ അധികൃതര്‍ ഹിതപരിശോധന നടത്തണമെന്നാണ് നിബന്ധന. ഇത് തന്നെ വര്‍ഷത്തില്‍ 110 പൗണ്ട് വര്‍ധനയ്ക്ക് ഇടയാക്കും.
എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് പുതുതായി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ മൂലം ഈ ഹിതപരിശോധന ഒഴിവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൗണ്‍സിലുകള്‍ക്ക് വോട്ടര്‍മാരുടെ അനുമതി ചോദിക്കാതെ തന്നെ ഉയര്‍ന്ന വാര്‍ഷിക വര്‍ധന നടപ്പാക്കാനുള്ള അവസരമാണ് അനുവദിച്ച് നല്‍കുന്നത്.
അടിയന്തര സാമ്പത്തിക പിന്തുണ ആവശ്യമുള്ള കൗണ്‍സിലുകള്‍ക്ക് ഹിതപരിശോധന നയങ്ങള്‍ ഒഴിവാക്കി നല്‍കുന്നത് തുടരുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രി ജിം മക്‌മോഹന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാപ്പരായി പ്രഖ്യാപിച്ച നാല് കൗണ്‍സിലുകള്‍ക്കാണ് 5 ശതമാനത്തില്‍ കൂടുതല്‍ ടാക്‌സ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ബര്‍മിംഗ്ഹാമും, വോക്കിംഗും 10 ശതമാനവും, സ്ലോ 8.5 ശതമാനവും, തുറോക്ക് 8 ശതമാനവും നിരക്ക് ഉയര്‍ത്തിയിരുന്നു.
ഹിതപരിശോധന ഒഴിവാക്കി നല്‍കുന്ന നടപടി ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് മേധാവി എലിയറ്റ് കെക്ക് ചൂണ്ടിക്കാണിച്ചു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ കൗണ്‍സില്‍ ടാക്‌സ് മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട ലേബര്‍ പാര്‍ട്ടി ഭരണപക്ഷത്ത് എത്തിയപ്പോള്‍ ഈ വാഗ്ദാനമാണ് മറന്നതെന്ന് ടോറികള്‍ ചൂണ്ടിക്കാണിക്കുന്നു.
ലേബര്‍ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും ഈ വര്‍ധന നേരിടുകയെന്നും ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു.