ഗര്‍ഭിണിയായ യുവതി അറിയാതെ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ജ്യൂസില്‍ കലര്‍ത്തിനല്‍കി ഗര്‍ഭിണിയെ അപകടാവസ്ഥയിലാക്കിയ പ്രതിക്ക് 12 വര്‍ഷം ജയില്‍ശിക്ഷ. ഓറഞ്ച് ജ്യൂസില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് ഇവര്‍ അറിയാതെ കലര്‍ത്തി നല്‍കിയതോടെ സ്ത്രീക്ക് വന്‍തോതില്‍ രക്തസ്രാവം നേരിട്ടു. ഇതോടെ മരുന്ന് ഫലിച്ചതായി സുഹൃത്തിനെ വിളിച്ച് അറിയിച്ച പ്രതിക്കാണ് 12 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്.
2022 ആഗസ്റ്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനെന്ന വ്യാജേന ഇരയെ വിളിച്ചുവരുത്തി വീണ്ടും അബോര്‍ഷന്‍ നടക്കാനുള്ള മരുന്നുകള്‍ ഇവരുടെ ഉള്ളില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കേസ്. എന്നാല്‍ മൂന്ന് മണിക്കൂറിന് ശേഷം കനത്ത രക്തസ്രാവം നേരിട്ട സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ 40-കാരനായ സ്റ്റുവാര്‍ട്ട് വോര്‍ബി തയ്യാറായില്ല.
അടുത്ത ദിവസമാണ് നോര്‍ഫോക്ക് & നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് യുവതിയെ എത്തിക്കുന്നത്. എന്നാല്‍ ഈ സമയം കൊണ്ട് 15 ആഴ്ച പ്രായമായ കുഞ്ഞിനെ ഇവര്‍ക്ക് നഷ്ടമായി. ഗര്‍ഭം അലസിപ്പിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ ലൈംഗിക ബന്ധം ഉപയോഗിച്ചതിനും, വിഷവസ്തു നിക്ഷേപിക്കുകയും ചെയ്ത കേസില്‍ വോര്‍ബിയെ നോര്‍വിച്ച് ക്രൗണ്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
സ്ത്രീ അറിയാതെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്ത് കളഞ്ഞ സ്വാര്‍ത്ഥനായ വ്യക്തിയാണ് വോര്‍ബിയെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് ജോയല്‍ ബെന്നെതന്‍ ചൂണ്ടിക്കാണിച്ചു. സ്ത്രീ കുഞ്ഞിനെ പ്രസവിക്കാനാണ് ആഗ്രഹിച്ചതെങ്കിലും വോര്‍ബി സുഹൃത്തിനൊപ്പം ചേര്‍ന്ന് ഇത് അലസിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു.