പാര്‍ക്ക് ബെഞ്ചില്‍ അബോധാവസ്ഥയില്‍ കിടന്ന മൂന്ന് മക്കളുടെ അമ്മയായ എന്‍എച്ച്എസ് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വെസ്റ്റ് ലണ്ടന്‍ സൗത്താള്‍ പാര്‍ക്കില്‍ വെച്ച് 2021 ജൂലൈയിലാണ് 37-കാരി നതാലി ഷോട്ടര്‍ക്ക് നേരെ 35-കാരന്‍ മുഹമ്മദ് ലിഡോ അക്രമം നടത്തിയത്.
ലിഡോ നടത്തിയ തുടര്‍ച്ചയായ ബലാത്സംഗത്തില്‍ ഷോട്ടര്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. ലൈംഗിക അടിമത്തമുള്ള ലിഡോ കൊക്കെയിന്‍ ഉപയോഗിച്ച ശേഷം പീഡിപ്പിക്കാന്‍ കഴിയുന്ന സ്ത്രീകളെ തിരഞ്ഞ് പാര്‍ക്കില്‍ കറങ്ങുമ്പോഴാണ് നതാലി ബെഞ്ചില്‍ കിടക്കുന്നതായി കാണുന്നത്.
ഇതിന് ശേഷം നടത്തിയ ക്രൂരമായ അക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ കാണിച്ചപ്പോള്‍ ജൂറര്‍മാര്‍ പോലും കരയുന്ന അവസ്ഥയുണ്ടായി. ക്രൂരത നടത്തിയ ലിഡോയ്ക്ക് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഷോട്ടറുടെ ബലാത്സംഗത്തിനും, നരഹത്യക്കും കുറ്റക്കാരനായി കണ്ടെത്തിയതോടെ ചുരുങ്ങിയത് 10 വര്‍ഷവും, എട്ട് മാസവും ഇയാള്‍ക്ക് ജയിലില്‍ കിടക്കണം.
പാര്‍ക്കില്‍ സെക്‌സില്‍ ഏര്‍പ്പെടാനായി എത്തിയ പ്രതി ഷോട്ടറുടെ ദയനീയാവസ്ഥ ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്ന് ജഡ്ജ് റിച്ചാര്‍ഡ് മാര്‍ക്ക്‌സ് ചൂണ്ടിക്കാണിച്ചു. കൃത്യം നടത്തിയ സമയത്ത് യുവതിക്ക് ബോധം പോലും ഉണ്ടായിരുന്നില്ലെന്നത് സംഭവത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതായും ജഡ്ജ് വ്യക്തമാക്കി. ലിഡോ തുടര്‍ച്ചയായി ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിവന്ന പശ്ചാത്തലമുള്ള വ്യക്തിയാണ്. ബലാത്സംഗ കേസില്‍ അന്വേഷണം നേരിടവെ 13 വയസ്സുള്ള പെണ്‍കുട്ടിയെന്ന് കരുതി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് അണ്ടര്‍കവര്‍ പോലീസിന് മുന്നിലും ഇയാള്‍ ചാടിയിരുന്നു.