കുട്ടി പീഡന കേസില്‍ പെട്ട് ഏവരാലും ഒറ്റപ്പെടുകയും അപമാനിതനാകുകയും ചെയ്ത് ഒടുക്കം വല്ല വിധേനയും തടിയൂരിയ ആന്‍ഡ്രൂ രാജകുമാരന്‍ അടുത്ത വിവാദത്തി. പതിറ്റാണ്ടുകളോളം ആന്‍ഡ്രൂ രാജകുമാരനുമായി ചൈനീസ് അധികൃതര്‍ പുലര്‍ത്തിയ അടുത്ത ബന്ധത്തിലുടനീളം അവര്‍ ആന്‍ഡ്രൂ രാജകുമാരനെ കണ്ടിരുന്നത് 'ഉപയോഗയോഗ്യമായ ഒരു വിഢി' എന്ന നിലയിലായിരുന്നു എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയല്‍ നേവിയില്‍ നിന്നും വിരമിച്ചതിന് ശേഷം ആന്‍ഡ്രുവിനെ ചൈനയിലേക്കുള്ള ഒരു വ്യാപാര പ്രതിനിധിയായി നിയമിച്ച 2001 മുതലാണ് രാജകുമാരന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നത്.
2010 ന് ശേഷം ഡേവിഡ് കാമറൂണിന്റെ സര്‍ക്കാര്‍ ചൈനയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആന്‍ഡ്രു രാജകുമാരന്‍ കൂടെക്കൂടെ ചൈന സന്ദര്‍ശിക്കാന്‍ ആരംഭിച്ചു.. ചൈനീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി സി പി) യുടെ രഹസ്യ സംഘടന എന്ന ആരോപിക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ അതിഥിയായി എട്ട് തവണ പോയതുള്‍പ്പടെയാണിത്.
വിദേശങ്ങളില്‍ ചൈനക്കനുകൂലമായി അഭിപ്രായം ഉണ്ടാക്കിയെടുക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങളെകുറിച്ച് വിവരിക്കുന്ന ഹിഡന്‍ ഹാന്‍ഡ് എന്ന പുസ്തകത്തിന്റെ സഹ രചയിതാവായ മാരീക്ക് ഓള്‍ബര്‍ഗ് ആണ് ആന്‍ഡ്രൂ രാജകുമാരനെ 'ഉപയോഗയോഗ്യമായ വിഢി' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ആര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്വഭാവമുള്ള വ്യക്തിയാണ് അദ്ദേഹം എന്നാണ് പറയുന്നത്.
കിഴക്ക്- പടിഞ്ഞാറ് ശക്തികളുടെ ബന്ധത്തിലെ സൂവര്‍ണ്ണ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാമറൂണ്‍ സര്‍ക്കാരിന്റെ കാലത്തും ആന്‍ഡ്രൂവിനു സര്‍ക്കാരില്‍ നിന്നും ഏറെ പ്രോത്സാഹനം ലഭിച്ചു. അന്ന് ചാന്‍സലറായിരുന്ന ജോര്‍ജ്ജ് ഓസ്‌ബോണും ചൈനയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ആഗ്രഹം മറച്ചു വെച്ചിരുന്നില്ല. 2016 ല്‍ ഉയിഗിര്‍ മുസ്ലീങ്ങളുടെ പീഢനങ്ങളുടെ കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെയാണ് ബ്രിട്ടീഷ് നയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ആരംഭിച്ചത്. ഒപ്പം, ചൈനയില്‍ ജനാധിപത്യത്തിനായി വാദിച്ചവരെ ഭരണകൂടം അടിച്ചമര്‍ത്തിയതും ഈ മാറ്റത്തിന് കാരണമായി.
വ്യാവസായിക സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ 2016 നും 2019 നും ഇടയില്‍ ആന്‍ഡ്രൂ അഞ്ച് തവണ ചൈന സന്ദര്‍ശിച്ചു. വ്യാപാര പ്രതിനിധി സംഘമായി 2011 ല്‍ രൂപീകരിച്ചതാണ് പിച്ച്@ പാലസ്. 2016 ല്‍ ഇവര്‍ ചൈനയില്‍ ഓഫീസ് ആരംഭിക്കുകയും ചെയ്തു. 2018 ലെ സന്ദര്‍ശനത്തിനിടയില്‍ ആന്‍ഡ്രൂ രാജകുമാരന്‍ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷിയേറ്റീവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.
പിന്നീട്, ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗിന്റെ, വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ച പ്രചാരണ പുസ്തകം ആന്‍ഡ്രു ലണ്ടനില്‍ പ്രകാശനം ചെയ്യുകയും ഉണ്ടായി. ചുമതലകളില്‍ ഉണ്ടായിരുന്ന അവസാന വര്‍ഷം ആന്‍ഡ്രൂ ഷെന്‍ഷാനിലേക്കും ഫ്യൂജിയാനിലേക്കും യാത്ര ചെയ്യുകയും ഉണ്ടായി. ലണ്ടനില്‍, തന്റെ ചൈനീസ് സുഹൃത്തുക്കള്‍ക്കായി വിരുന്നൊരുക്കുക എന്നത് ആന്‍ഡ്രുവിന്റെ സ്ഥിരം പരിപാടിയായിരുന്നു. വിവിധ ചൈനീസ് ബാങ്ക് പ്രസിഡണ്ട്മാര്‍ വരെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നില്‍ പനെടുത്തവരില്‍ ഉള്‍പ്പെടും. 2019 ല്‍ രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും വിട്ടതിന് ശേഷവും ആന്‍ഡ്രുവിന്റെ ചൈനീസ് ബന്ധം തുടര്‍ന്നു.
2020 ല്‍ ചൈനയില്‍ കോവിഡ് വ്യാപകമായപ്പോള്‍, ലണ്ടനില്‍ ചൈനീസ് അമ്പാസിഡര്‍ ഒരുക്കിയ വിരുന്നില്‍ വെച്ച് ചൈനയോടെ അനുതാപം പ്രകടിപ്പിക്കുന്ന എലിസബത്ത് രാജ്ഞിയുടെ സന്ദേശം ആന്‍ഡ്രു വായിക്കുകയും ചെയ്തു. സാറാ ഫെര്‍ഗുസണും ബിയാട്രീസ് രാജകുമാരിയും ഈ വിരുന്നില്‍ പങ്കെടുത്തിരുന്നു. അതേവര്‍ഷം വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ നടന്ന ആന്‍ഡ്രുവിന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിലേക്കും ചൈനീസ് അമ്പാസിഡറെ ക്ഷണിച്ചിരുന്നു.
അതിന് തൊട്ട് മുന്‍പത്തെ വര്‍ഷം, ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യയായ സാറ ഫെര്‍ഗുസണിന് ഹോങ്കോംഗ് വ്യവസായി ജോണി ഹോണിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും 3 ലക്ഷം പൗണ്ട് ലഭിച്ചിരുന്നു. മാത്രമല്ല, ജോണി ഹോണിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒരു ഫിലിം ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ സാറയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ഷിപ്പ് തുടരുന്നതിനായി പ്രതിവര്‍ഷം 72,000 പൗണ്ടും നല്‍കിയിരുന്നു.