കുതിച്ചുയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെ തലസ്ഥാനത്ത് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പ്രതിഷേധം. നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് സമൂഹത്തെ തകര്‍ക്കുന്നതായി എല്‍ആര്‍യു ചൂണ്ടിക്കാട്ടുന്നു.
വാടകയ്ക്ക് വീടെടുത്ത് താമസിക്കാമെന്ന് കരുതിയാല്‍ കുതിച്ചുയരുന്ന വാടക നിരക്കുകളില്‍ മത്സരിച്ച് ഒരു വീട് തരപ്പെടുത്തുന്നത് യുദ്ധമായി മാറിയിരിക്കുന്നു. സ്വന്തമായി വീട് വാങ്ങാമെന്ന് കരുതിയാല്‍ മോര്‍ട്ട്‌ഗേജ് വിപണി മറ്റൊരു യുദ്ധക്കളമായി തുടരുന്നു. ഇതിനിടയില്‍ വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്ന് വാടകയ്ക്ക് കഴിയുന്നുവരെ ശ്വാസംമുട്ടിക്കുകയാണ്.
ഈ നിരക്ക് വര്‍ദ്ധനവുകളുടെ പശ്ചാത്തലത്തില്‍ അസഹനീയത വെളിപ്പെടുത്തിയാണ് ലണ്ടനില്‍ ഇതിനെതിരെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഉയരുന്ന വാടക നിരക്കുകള്‍ സമൂഹങ്ങളെ നശിപ്പിക്കുകയാണെന്ന് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പറഞ്ഞു.
ഉയര്‍ന്ന വാടകയും, ഡിമാന്‍ഡ് നിയന്ത്രണവും സാധാരണക്കാരുടെ ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാക്കി യൂറോപ്പില്‍ ഉടനീളം വാടകയ്ക്ക് കഴിയുന്നവര്‍ പ്രതിഷേധങ്ങള്‍ നയിക്കുകയാണെന്ന് ഗ്രൂപ്പ് പറഞ്ഞു. സെന്‍ഡ്രല്‍ ലണ്ടനില്‍ അഞ്ഞൂറിലേറെ ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
ഉയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെയാണ് പ്രതിഷേധമെന്ന് എല്‍ആര്‍യു പറയുന്നു. മഹാമാരിക്ക് മുന്‍പ് 1225 പൗണ്ട് വരെ മാത്രമായിരുന്ന നിരക്ക് ഇതിന് ശേഷം 40% വരെ ഉയര്‍ന്നിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചെയ്യുന്ന ജോലിയില്‍ നിന്ന് കിട്ടുന്ന പണം മുഴുവന്‍ താമസിക്കാനുള്ള ചെലവിനായി നല്‍കേണ്ട ഗതികേടാണ് പലരും അനുഭവിക്കുന്നത്.
നിലവില്‍, ശരാശരി വാര്‍ഷിക വാടക ചെലവ് 15,240 പൗണ്ട് ആണ്, മൂന്ന് വര്‍ഷം മുമ്പ് ഇത് 12,000 പൗണ്ട് ആയിരുന്നു. 2021-ല്‍ കോവിഡ്-19 ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് വാടകയില്‍ വര്‍ധനവ് ആരംഭിച്ചത്. വാടക വസ്‌തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡും പരിമിതമായ വിതരണവും ആയിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവില്‍ യുകെയിലെ വാടക ചിലവ് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലാണ് ഇപ്പോള്‍ നീങ്ങുന്നത്. പുതുതായി അനുവദിച്ച പ്രോപ്പര്‍ട്ടികളുടെ വാടക 3.9% വര്‍ധിച്ചു. ഇത് 2021 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. ഈ മാന്ദ്യം ലണ്ടന്‍ പോലുള്ള ഉയര്‍ന്ന ചിലവ് ഉള്ള പ്രദേശങ്ങളില്‍ ശ്രദ്ധേയമാണ്. ഈ വര്‍ഷം വാടകയില്‍ പ്രതിവര്‍ഷം 1.3% വര്‍ധനയുണ്ടായി. ഒരു വര്‍ഷം മുമ്പ് ഇത് 8.7% ആയിരുന്നു.