കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ പിറന്ന നാലിലൊന്ന് കുഞ്ഞുങ്ങളും സിസേറിയനിലൂടെയാണ് പുറത്തെത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ഒരു ദശകത്തിനിടെ സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണമേറിയതിന് പിന്നില്‍ സങ്കീര്‍ണ്ണമായ ഗര്‍ഭധാരണവും, പ്രസവവുമാണെന്ന് ഡാറ്റ വ്യക്തമാക്കുന്നു.
അമിതവണ്ണമുള്ളവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് പുറമെ കുട്ടികള്‍ക്ക് ജന്മം നല്‍കാനായി സ്ത്രീകള്‍ കാലതാമസം എടുക്കുന്നതും പ്രതിസന്ധിയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരുന്നുകളും, മറ്റ് മെഡിക്കല്‍ ഇടപെടലും ഇല്ലാതെ നടന്ന സാധാരണ പ്രസവങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടെ സിസേറിയനുകളുടെ എണ്ണത്തില്‍ ഘട്ടംഘട്ടമായി വര്‍ദ്ധനവുണ്ടായെന്ന് റോയല്‍ കോളേജ് ഓഫ് ഒബ്‌സ്‌ട്രെറ്റീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് പ്രസിഡന്റ് ഡോ. റാണീ താക്കര്‍ പറയുന്നു. പ്രസവം സങ്കീര്‍ണ്ണമാകുന്നതാണ് ഇതില്‍ പ്രധാന കാരണം. ദേശീയ തലത്തില്‍ അമിതവണ്ണം വര്‍ദ്ധിക്കുന്നതും, കുട്ടികള്‍ പിന്നീട് മതിയെന്ന് തീരുമാനിക്കുന്നതും സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിപ്പിക്കുന്നു, ഡോ. താക്കര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന 398,675 പ്രസവങ്ങളില്‍ 25% ഏകദേശം 101,264 എണ്ണമാണ് സിസേറിയന്‍ വഴി നടന്നത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളിലെ കണക്കുകള്‍ 23 ശതമാനമായിരുന്നു. ഒരു ദശകം മുന്‍പത്തേക്കാള്‍ 13% വളര്‍ച്ചയാണ് കണക്കുകളില്‍ രേഖപ്പെടുത്തുന്നത്.