ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യബജറ്റില്‍ തന്നെ ബിസിനസ്സുകള്‍ക്ക് മേല്‍ ചുമത്തിയ അധിക ഭാരങ്ങളുടെ പ്രത്യാഘാതം കൂടുതല്‍ വ്യക്തമാകുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആദ്യമായി യുകെ ബിസിനസ്സുകള്‍ ജീവനക്കാരുടെ എണ്ണം അതിവേഗത്തില്‍ വെട്ടിക്കുറയ്ക്കുന്നതാണ് സ്ഥിതി.
ട്രഷറിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സജീവമായി നിരീക്ഷിക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് സര്‍വ്വെയിലാണ് ഡിസംബറില്‍ എംപ്ലോയ്‌മെന്റ് ലെവല്‍ കുത്തനെ താഴ്ന്നതായി വ്യക്തമായത്. കൊറോണാവൈറസ് മഹാമാരിയുടെ കാലം ഒഴിവാക്കിയാല്‍ 2009ന് ശേഷമുള്ള അതിവേഗ വെട്ടിച്ചുരുക്കലാണ് ഇത്.
650 നിര്‍മ്മാതാക്കള്‍ക്കും, 650 സര്‍വ്വീസ് സെക്ടര്‍ കമ്പനികള്‍ക്കും ഇടയില്‍ നടത്തിയ സര്‍വ്വെയില്‍ ഡിമാന്‍ഡ് മയപ്പെടുന്നതും, എംപ്ലോയ്‌മെന്റ് ചെലവ് ഉയരുന്നതും, ലാഭവിഹിതം കുറയുന്നതും ചേര്‍ന്നാണ് സ്വകാര്യ മേഖലയില്‍ ആളെ കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.
വര്‍ഷത്തിന്റെ ആരംഭത്തില്‍ നിന്നും മാറി, ലേബര്‍ ഗവണ്‍മെന്റിന്റെ കുറച്ച് കാണിക്കലും, അത്തരം നയങ്ങളും ചേര്‍ന്ന് ബിസിനസ്സുകളിലും, കുടുംബങ്ങളിലും നെഗറ്റീവ് മനോഭാവമാണ് സൃഷ്ടിച്ചതെന്ന് പിഎംഐ സര്‍വ്വെ ഏകോപിപ്പിക്കുന്ന എസ്&പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ചീഫ് ബിസിനസ്സ് ഇക്കണോമിസ്റ്റ് ക്രിസ് വില്ല്യംസണ്‍ പറഞ്ഞു.