കവന്‍ട്രിയില്‍ നടപ്പാതയിലൂടെ നടക്കുകയായിരുന്ന മലയാളി യുവാവിനെ കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചു. എന്നാല്‍ അപകടം സൃഷ്ടിച്ച ഡ്രൈവര്‍ പരുക്കേറ്റ വ്യക്തിയെ തിരിഞ്ഞുപോലും നോക്കാതെ സംഭവസ്ഥലത്ത് നിന്നും മുങ്ങി.35-കാരന്‍ മൃദുല്‍ കോമ്പാറയെയാണ് കുതിച്ചെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടാക്കിയ ഡ്രൈവറെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
പരുക്കേറ്റ് കിടന്ന മൃദുലിനെ മറ്റ് വഴിയാത്രക്കാരാണ് സഹായിക്കാന്‍ എത്തിയത്. ഇവര്‍ ആംബുലന്‍സ് വിളിച്ച് കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇടത് കാല്‍ക്കുഴയ്ക്ക് പൊട്ടലുള്ളതിന് പുറമെ ഇടുപ്പിനും, കാലുകള്‍ക്കും, തോളിലും പരുക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കളെ കാണാനായി അടുത്തുള്ള റെസ്റ്റൊറന്റിലേക്ക് പോകവെയായിരുന്നു അപകടം.
ഗുരുതരമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് മൃദുല്‍ പറയുന്നു. ഇക്കഴിഞ്ഞ തിരുവോണ നാളിലാണ് സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കൊപ്പം ഓണസദ്യ ഉണ്ണുക എന്ന ലക്ഷ്യത്തോടെ റെസ്റ്റോറന്റിലേക്ക് നടക്കുന്നതിനിടെയാണ് മൃദുലിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നത്. കാര്‍ പാഞ്ഞുവരുന്നത് കണ്ടെങ്കിലും എന്തെങ്കിലും ചിന്തിക്കാന്‍ സമയം കിട്ടും മുന്‍പേ അത് തന്നെ ഇടിച്ചു തെറുപ്പിക്കുക ആയിരുന്നു എന്നും മൃദുല്‍ ഓര്‍ത്തെടുക്കുന്നു. 'തന്റെ നേരെ വരുന്ന കാര്‍ റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്താനായിരിക്കും എന്നാദ്യം കരുതിയെങ്കിലും വേഗത ഒട്ടും കുറയാതെ നേരെ വന്നിടിക്കുക ആയിരുന്നു. ഇടിച്ചു തെറിച്ചു വീണത് അപകടമുണ്ടാക്കിയ കാറിന്റെ ബോണറ്റിലേക്ക് ആയിരുന്നു. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും നോക്കാതെ കാര്‍ ഓടിച്ചെത്തിയ ആള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു മറയുക ആയിരുന്നു.
എന്നാല്‍ യുകെയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൃദുല്‍ കേരളത്തിലേക്ക് മടങ്ങി. എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം ഒഴിവാക്കാനാണ് മുറിവുകളുമായി ഈ യുവാവിന് നാട്ടിലേക്ക് പോകേണ്ടി വന്നത്. എന്നിരുന്നാലും അപകടം സൃഷ്ടിച്ച ഡ്രൈവറെ തിരിച്ചറിയേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കവന്‍ട്രി പോലീസ് പറഞ്ഞു. ഡ്രൈവറെ തിരിച്ചറിയാനായി ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുന്നു.