യുകെയില്‍ ശൈത്യകാലം എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത ദുരിതകാലമാണ്. രോഗികളുടെ ഒഴുക്കില്‍ ചികിത്സ നല്‍കാന്‍ വലിയ കാലതാമസങ്ങളാണ് നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ യുകെയിലെ ചില മേഖലകളില്‍ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചുരുങ്ങിയത് 12 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നതെന്ന് ഔദ്യോഗിക ഡാറ്റ പറയുന്നു.
ഷ്രൂസ്ബറി & ടെല്‍ഫോര്‍ഡ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ പത്തിലൊന്ന് പേര്‍ക്കും കഴിഞ്ഞ മാസം എ&ഇയില്‍ 12 മണിക്കൂര്‍ കാത്തിരിപ്പ് ആവശ്യമായി വന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ ഏകദേശം 20-ല്‍ ഒരാള്‍ക്കാണ് ഈ കാത്തിരിപ്പ് വേണ്ടിവന്നത്.
അതേസമയം കഴിഞ്ഞ മാസം അടിയന്തര പരിചരണം ആവശ്യമുള്ള പകുതി രോഗികളെയാണ് ആശുപത്രികള്‍ നാല് മണിക്കൂറിനകം കണ്ടത്. 76 ശതമാനമാണ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ലക്ഷ്യം. ഫ്‌ളൂ, കൊവിഡ്, നോറോവൈറസ്, ആര്‍എസ്‌വി തുടങ്ങിയ വിന്റര്‍ വൈറസുകള്‍ ഒരുമിച്ച് നേരിടേണ്ട അവസ്ഥയാണ് ആശുപത്രികള്‍ അനുഭവിക്കുന്നതെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
എന്‍എച്ച്എസില്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ അവസ്ഥ പരിതാപകരമാണെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിനിലെ ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ പറഞ്ഞു. ബെഡുകളുടെ ക്ഷാമം മൂലം രോഗികള്‍ കോറിഡോറുകളില്‍ കാത്തുകിടക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് അദ്ദേഹം പറയുന്നു. ആംബുലന്‍സുകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ജീവനക്കാരുടെ ആരോഗ്യവും അപകടത്തിലാണെന്ന് ഡോ. ഹിഗിന്‍സണ്‍ ചൂണ്ടിക്കാണിച്ചു.