വലിയ മുന്നേറ്റം സൃഷ്ടിച്ച് റീഫോം യുകെ പാര്‍ട്ടി; അംഗബലത്തില്‍ ടോറികളെ മറികടന്നെന്ന് വാദം; ഇല്ലെന്ന് കെമി ബാഡ്‌നോക്
ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കി വന്‍ മുന്നേറ്റം നടത്തിയെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് റിഫോം യുകെ പാര്‍ട്ടി. പാര്‍ട്ടി നേതാവ് നിഗല്‍ ഫെറാജ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ സംഭവം ചര്‍ച്ചയായി കഴിഞ്ഞു.
മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളുടെ അംഗങ്ങളുടെ എണ്ണം മറികടന്നു തങ്ങള്‍ മുന്നേറുകയാണെന്നാണ് ഫെറാജിന്റെ പ്രസ്താവന.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ നേതാവിനെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉണ്ടായിരുന്ന ടോറി അംഗങ്ങളുടെ എണ്ണം 131680 ആണ്. റിഫോം പാര്‍ട്ടിയുടെ വെബ്‌സൈറ്റിലെ ഡിജിറ്റല്‍ ട്രാക്കറില്‍ അംഗങ്ങളുടെ എണ്ണം ഇതിലും ഏറെയാണ്.
എന്നാല്‍ ഫെറാജ് പറയുന്നത് കള്ളകണക്കെന്നും ഡിജിറ്റല്‍ തട്ടിപ്പിലൂടെ കണക്ക് പെരുപ്പിച്ച് കാണിക്കുകയാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡ്‌നോക് പ്രതികരിച്ചു. എന്നാല്‍ ഇരു പാര്‍ട്ടികളുടേയും അംഗങ്ങളുടെ എണ്ണം ഒരേ സ്ഥാപനം കൊണ്ട് ഓഡിറ്റ് ചെയ്യാമോ എന്ന വെല്ലുവിളിയാണ് ഫെറാജ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.
പ്രതിപക്ഷത്തുള്ള രണ്ട് മുഖ്യ പാര്‍ട്ടികളുടെ അംഗബലം ഏതായാലും ചര്‍ച്ചയായി കഴിഞ്ഞു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ട് ഷെയറാണ് റിഫോം യുകെയ്ക്ക് ലഭിച്ചത്. അഞ്ച് അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. എംപിമാരുടെ എണ്ണം കുറവെങ്കിലും നൂറോളം സീറ്റുകളില്‍ കണ്‍സര്‍വേറ്റീസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ കാരണം റിഫോം യുകെ പാര്‍ട്ടിയായിരുന്നു.