എഡിന്‍ബറോയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
യുകെയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്‌കോട്ട് ലാന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആല്‍മണ്ട് നദിയുടെ കൈവഴിയില്‍ നിന്നാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്.
ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സാന്ദ്ര. നാട്ടില്‍ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയാണ് . വിദ്യാര്‍ത്ഥി വീസയില്‍ കഴിഞ്ഞ വര്‍ഷമാണ് സാന്ദ്ര യുകെയിലെത്തിയത്.
നിലവില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്കോട്ടിഷ് പോലീസ് അറിയിച്ചു. സാന്ദ്രയെ കാണാതായതിന് പിന്നാലെ അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട ശേഷവും അന്വേഷണത്തിന് അനുകൂലമായ രീതിയില്‍ സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും മറ്റും സാന്ദ്രയെ പലയിടങ്ങളിലായി കണ്ടതായി ആളുകള്‍ പോലീസിനെ അറിയിച്ചെങ്കിലും അവ സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
വീട്ടില്‍ നിന്ന് കാണാതായതിന് പിന്നാലെ സാന്ദ്ര മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. പോലീസ് പുറത്തുവിട്ടിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ സാന്ദ്ര മുഖത്ത് മാസ്ക് ധരിച്ചിരുന്നു.
എഡിന്‍ ബറോയിലെ സൗത്ത് ഗൈഡ് ഭാഗത്ത് നിന്നും ഡിസംബര്‍ ആറിനാണ് സാന്ദ്രയെ കാണാതായത്. ഇതിന് പിന്നാലെ മൂന്നാഴ്ചയോളം നടത്തിയ തിരച്ചിലിന്റെ ഒടുവിലാണ് സാന്ദ്രയുടെ മൃതശരീരം പോലീസിന് കണ്ടെത്താനായത്.