ഇംഗ്ലണ്ടിലെ ജയിലുകളില്‍ തടവുകാരുടെ എണ്ണം പെരുകിയതോടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഇവരെ പുറത്തുവിട്ട് സ്ഥലം ഒപ്പിക്കുന്ന തിരക്കിലാണ് ഗവണ്‍മെന്റ്. ഒരു വശത്തു വിദേശ ക്രിമിനലുകളെ നാടുകടത്തുന്നതില്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഗവണ്‍മെന്റ്.
ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ അടിയന്തര നടപടി വരുമെന്ന് പറയുമ്പോഴും ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നിന്നും നൂറിലൊന്ന് തടവുകാരെ മാത്രമാണ് സ്വദേശത്തേക്ക് മടക്കി അയയ്ക്കാന്‍ കഴിഞ്ഞത്. നീതിന്യായ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കേവലം 73 വിദേശ ക്രിമിനലുകളെയാണ് ശിക്ഷകള്‍ സ്വന്തം നാട്ടില്‍ അനുഭവിക്കാനായി നാടുകടത്താന്‍ കഴിഞ്ഞത്.
മാര്‍ച്ച് അവസാനം വരെ ജയിലുകളില്‍ 10,422 വിദേശ പൗരന്‍മാരാണ് ജയിലുകളിലുള്ളത്. ആകെ തടവുകാരുടെ 12 ശതമാനമാണിത്. ഇവരെ തീറ്റിപ്പോറ്റാന്‍ പ്രതിവര്‍ഷം നികുതിദായകര്‍ക്ക് 47,000 പൗണ്ട് ചെലവുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
2024-ലെ കണക്ക് പ്രകാരം അല്‍ബേനിയക്കാരാണ് വിദേശ ക്രിമിനലുകളില്‍ മുന്നില്‍, 1272 പേരാണ് ഇവര്‍ക്കിടയില്‍ നിന്നും ബ്രിട്ടീഷ് ജയിലുകളിലുള്ളത്. 906 പേരുമായി പോളണ്ടും, 750 പേരുമായി റൊമാനിയയും തൊട്ടുപിന്നിലുണ്ട്.