പതിവിനു വിപരീതമായി യുകെയില്‍ വീശിയടിച്ച ശക്തമായ കാറ്റും കനത്ത മഴയും മൂലം നിരവധി പുതുവര്‍ഷാഘോഷ പരിപാടികള്‍ റദ്ദാക്കി. പ്രതികൂലമായ കാലാവസ്ഥ മൂലം യുകെയില്‍ ഉടനീളം കടുത്ത യാത്ര തടസ്സങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം വ്യോമഗതാഗതത്തിലും വ്യാപകമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മോശം കാലാവസ്ഥയും റോഡ് വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങളിലെ യാത്ര തടസ്സവുമാണ് വ്യാപകമായി പുതുവര്‍ഷാഘോഷങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായത്.
ബ്ലാക്ക് പൂള്‍ , ന്യൂകാസില്‍, ഐല്‍ ഓഫ് വൈറ്റ്, നോര്‍ത്ത് യോര്‍ക്ക്ഷെയര്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയതില്‍ പെടുന്നു. എഡിന്‍ബര്‍ഗില്‍ ഹോഗ്മാനേ ഫെസ്റ്റിവല്‍ നേരത്തെ റദ്ദാക്കിയിരുന്നു. ലോസ്‌ഫോക്കിലെ സഫോക്കില്‍ പുതുവത്സര ദിനത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന രണ്ട് വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ശനിയാഴ്ച വരെ മാറ്റിവച്ചു. സുരക്ഷയാണ് പ്രധാന പ്രശ്‌നമെന്ന് സംഘാടകര്‍ പറഞ്ഞു.
വടക്കന്‍ സ്കോട്ട് ലന്‍ഡില്‍ കനത്ത മഴയുണ്ടാകുമെന്ന ആംബര്‍ വണ്‍ എന്ന ഏറ്റവും ഗുരുതര സ്വഭാവമുള്ള മുന്നറിയിപ്പാണ് നിലവിലുള്ളത്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും പുതുവര്‍ഷ രാവില്‍ വൈകുന്നേരം 6 മണി മുതല്‍ കനത്ത മഴയുണ്ടാകും എന്ന 24 മണിക്കൂര്‍ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പുതുവത്സര ദിനത്തില്‍ വെയില്‍സിലും ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മണിക്കൂറില്‍ 75 മൈല്‍ (120 കിമീ/മണിക്കൂര്‍) വരെ വേഗതയുള്ള തീരദേശ കാറ്റ് ആണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കന്‍ അയര്‍ലന്‍ഡിലുടനീളം പുതുവത്സര രാവില്‍ ഉച്ചയ്ക്ക് 2 മണി വരെ ശക്തമായ കാറ്റിന് യെല്ലോ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിരുന്നു. നോര്‍ത്ത് യോര്‍ക്ക് ഷെയറിലും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു . പ്രതികൂല കാലാവസ്ഥ മൂലം റിപ്പണ്‍ സിറ്റി കൗണ്‍സില്‍ മാര്‍ക്കറ്റ് സ്ക്വയറിലെ നടക്കാനിരുന്ന സംഗീത നൃത്ത കലാ പ്രകടനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.