യു.കെ.വാര്‍ത്തകള്‍

പ്രതികൂല കാലാവസ്ഥയിലും 2025ന് ആവേശോജ്ജ്വല വരവേല്‍പ്പ് നല്‍കി ലണ്ടന്‍ ആഘോഷം

കൊടുങ്കാറ്റും പേമാരിയും നേരിടുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയിലും ബ്രിട്ടനില്‍ പുതുവത്സരാഘോഷത്തില്‍ മുമ്പില്‍ ലണ്ടന്‍. ലണ്ടനിലെ ന്യൂഇയര്‍ വെടിക്കെട്ട് അക്ഷരാര്‍ത്ഥത്തില്‍ കാണികളെ അതിശയിപ്പിക്കുന്നതായിരുന്നു. ലക്ഷക്കണക്കിന് പേര്‍ ബിബിസിയില്‍ പരിപാടി വീക്ഷിച്ചു. ലോകത്തില്‍ ആദ്യമായി ഹോളോഗേസ് അനിമേഷന്‍ ഉപയോഗിച്ചാണ് പരിപാടി അവിസ്മരണീയമാക്കി മാറ്റിയത്. ബ്രിട്ടനില്‍ പല ഭാഗത്തും കാറ്റും, മഴയും മൂലം ഡിസംബര്‍ 31-ലെ പരിപാടികള്‍ റദ്ദാക്കിയപ്പോള്‍ തലസ്ഥാനത്ത് 12 മിനിറ്റുള്ള വെടിക്കെട്ട് പരിപാടി തടസ്സങ്ങളില്ലാതെ നടന്നു. 100,000 ടിക്കറ്റുകളാണ് തേംസ് നദിക്കരയില്‍ നടന്ന പരിപാടിയിലേക്ക് വിറ്റഴിച്ചത്.

അതിനിടെ, സോഷ്യല്‍ മീഡിയ തട്ടിപ്പുകാരുടെ വലയില്‍ വീണ് ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ വെടിക്കെട്ട് മാമാങ്കം കാണാനെത്തിയ ആയിരക്കണക്കിന് പേര്‍ നിരാശരായി മടങ്ങി. ഒരിക്കലും സംഘടിപ്പിക്കാത്ത വെടിക്കെട്ടിന്റെ പേരില്‍ നടന്ന പ്രചരണത്തില്‍ കുടുങ്ങിയാണ് ജനങ്ങള്‍ സെന്റിനറി സ്‌ക്വയറിലേക്ക് വന്‍തോതില്‍ ഒഴുകിയെത്തിയത്.

ഇല്ലാത്ത വെടിക്കെട്ട് കാണാനാണ് ആളുകള്‍ സ്ഥലത്ത് എത്തിയതെന്ന് പോലീസ് അറിയിച്ചതോടെ ജനക്കൂട്ടം നിരാശരായി മടങ്ങി. സെന്റിനറി സ്‌ക്വയറില്‍ വെടിക്കെട്ട് നടക്കുന്നതായി ഓണ്‍ലൈനില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അത്തരമൊരു പരിപാടി സംഘടിപ്പിച്ചിരുന്നില്ലെന്ന് ബര്‍മിംഗ്ഹാം സൂപ്രണ്ട് എംലിന്‍ റിച്ചാര്‍ഡ്‌സ് പറഞ്ഞു. ബര്‍മിംഗ്ഹാമില്‍ ജനങ്ങള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നെങ്കിലും ലണ്ടനില്‍ പാഡിംഗ്ടണ്‍ ബിയര്‍ കൂടി പങ്കെടുത്ത പരിപാടി പ്രൗഢഗംഭീരമായി അരങ്ങേറി.

യുകെയിലെ ഭൂരിഭാഗം പ്രദേശങ്ങളും വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥ മുന്നറിയിപ്പ് നേരിടുന്നുണ്ട്. സ്‌കോട്ട്‌ലണ്ടിലാണ് തുടര്‍ച്ചയായ മഴയും, മഞ്ഞും അനുഭവപ്പെടുന്നത്. ചില മേഖലകളില്‍ 70 എംഎം വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
സ്കോട്ട്ലന്‍ഡില്‍ അടുത്ത മൂന്നു ദിവസം വളരെ മോശം കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ്. സെന്റ് ഗില്‍സ് കത്തീഡ്രലിലെ കാന്‍ഡില്‍ലിറ്റ് കണ്‍സേര്‍ട്ട് മാത്രമായി എഡിന്‍ബറോയിലെ പൊതു ആഘോഷപരിപാടികള്‍ ഒതുങ്ങും. ഏകദേശം 30,000 പേര്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പരിപാടിയായിരുന്നു എഡിന്‍ബറോയിലേത്.

ബ്ലാക്ക്പൂള്‍ കൗണ്‍സിലും ശക്തമായ കാറ്റിനെ തുടര്‍ന്ന് വെടിക്കെട്ട് പരിപാടി റദ്ദാക്കി. പൊതുസുരക്ഷയും, മോശം കാലാവസ്ഥയും പ്രതികൂലമായതോടെ ഔട്ട്‌ഡോര്‍ പരിപാടികള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സംഘാടകര്‍ സ്ഥിരീകരിച്ചു. പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ച അധികൃതര്‍ ഇതിനായി യാത്ര ചെയ്‌തെത്തിയ അന്താരാഷ്ട്ര ടൂറിസ്റ്റുകളോട് ഖേദം പ്രകടിപ്പിച്ചു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions