2025 ബ്രിട്ടന്റെ ഭവനവിപണിയെ വാങ്ങലുകാര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്ന് പ്രവചനങ്ങള്‍. വിപണി ജാഗ്രതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിലപേശല്‍ ശേഷി കൈവരുന്നത്. എന്നാല്‍ 2025-ല്‍ കാര്യങ്ങള്‍ കൂടുതല്‍ ശുഭകരമാകുന്നതിന് പലവിധ തിരിച്ചടികളും നേരിടുന്നുണ്ട്.
ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുവദിച്ചിരുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആശ്വാസം സ്പ്രിംഗ് സീസണില്‍ അവസാനിക്കും. കൂടാതെ ഉയര്‍ന്ന പലിശ നിരക്കുകളും, നികുതികളും വിപണിയില്‍ സമ്മര്‍ദം ചെലുത്തുന്നു.
ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണ് ഹൗസിംഗ് വിപണിയിലെന്ന് പ്രോപ്പര്‍ട്ടി കമ്പനിയായ ഹാംപ്ടണ്‍സിലെ റിസേര്‍ച്ച് ഹെഡ് അനേയ്ഷ ബെവെറിഡ്ജ് പറയുന്നു. കുറഞ്ഞ മോര്‍ട്ട്‌ഗേജ് നിരക്കുകളാണ് മാറ്റത്തിനുള്ള പ്രധാന ഉത്തേജനം. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഇത് താഴുന്നുണ്ട്. അതേസമയം 2023നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഭവനവില ഉയരുകയാണ് ചെയ്തത്. ഭാവിയിലെ പലിശ നിരക്ക് നീക്കങ്ങളില്‍ വ്യക്തത വരാത്തതിനാല്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്, അവര്‍ വിശദീകരിച്ചു.
2025-ല്‍ ഭവനവില 3% ഉയരുമെന്നാണ് ഹാംപ്ടണ്‍സ് പ്രവചനം. 2026-ല്‍ 3.5 ശതമാനവും, 2027-ല്‍ 2.5 ശതമാനവും നിരക്ക് ഉയരും. ബോക്‌സിംഗ് ഡേ ദിനത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ഭവനങ്ങളുടെ എണ്ണമേറിയതായി റൈറ്റ്മൂവ് റിപ്പോര്‍ട്ട് പറയുന്നു.