പുതുവത്സര ദിനത്തില്‍ വേദനയായി യുകെയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ വിയോഗം
പുതുവത്സര ദിനത്തില്‍ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാര്‍ഥിനിയുടെ മരണവാര്‍ത്ത. യുകെയില്‍ പഠനത്തിനായി എത്തിയ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. പുതുവത്സര ദിനത്തില്‍ വെളുപ്പിന് ഒരുമണിക്കു മരണമടഞ്ഞത്. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി താമസിച്ചിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ പൂര്‍ണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബാര്‍നെറ്റ് റോയല്‍ ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കല്‍ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.
പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനില്‍ എം എസ് സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ത്ഥി വിസയില്‍ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാന്‍മോര്‍ സ്കൂളില്‍ ടീച്ചര്‍ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു.
ഷാജി വര്‍ഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കള്‍. ഇവര്‍ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹോദരന്‍: ആല്‍ബി. മൃതദേഹം ബാര്‍നെറ്റ് റോയല്‍ഫ്രീ ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ നാട്ടില്‍ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.