ലണ്ടന്‍: പുതുവര്‍ഷത്തോട് അനുബന്ധിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവ് ആദരിക്കുന്നവരുടെ പട്ടികയില്‍ മലയാളി സാന്നിധ്യവും. ചില്ലറ വില്‍പന - ഉപഭോക്തൃ സംരക്ഷണ മേഖലയില്‍ നല്‍കിയ അമൂല്യ സേവനങ്ങള്‍ക്കാണ് ചാനല്‍ ഗ്ലോബല്‍ സിഇഒ ആയ 55 കാരിയായ ലീന നായര്‍ക്ക് സിബിഇഎസ് പുരസ്‌കാരം ലഭിച്ചത്. മലയാളിയായ ലീന നായര്‍ ജനിച്ചതും വളര്‍ന്നതും മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ആയിരുന്നു.
1992 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ ഒരു മാനേജ്‌മെന്റ് ട്രെയിനി ആയാണ് ലീന നായരുടെ പൂര്‍ണ്ണ സമയ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 15 വര്‍ഷത്തോളം കമ്പനിയുടെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു. ഫാക്ടറിയിലും, സെയില്‍സ് ഓഫിസിലും, കോര്‍പ്പറേറ്റ് ആസ്ഥാനത്തുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. 2007 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡില്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയി.
രണ്ട് പതിറ്റാണ്ടോളം കാലം യൂണിലിവറിനെ സേവിച്ചതിന് ശേഷം 2012 ല്‍ ആയിരുന്നു അവര്‍ കമ്പനിയുടെ ലണ്ടനിലുള്ള ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തുന്നത്. 2016 ല്‍ യൂണിലിവറിന്റെ ആദ്യ വനിത, ആദ്യ ഏഷ്യന്‍, ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യുമന്‍ റിസോഴ്സ് ഓഫിസര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് 2021 ഡിസംബറിലാണ് ഇവരെ ചാനലിന്റെ സിഇഒ ആയി നിയമിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ലീന നായര്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.
രാഷ്ട്രീയ നേതാവ് കൂടിയായ കെ. കാര്‍ത്തികേയനാണ് ലീന നായരുടെ പിതാവ്. ഭര്‍ത്താവ് കുമാര്‍ നായര്‍ സാമ്പത്തിക രംഗത്ത് സംരംഭം നടത്തുന്ന വ്യക്തിയാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മേനോന്‍ പിസ്റ്റണ്‍സ് ഉള്‍പ്പടെ നിരവധി വ്യവസായ സംരംഭങ്ങള്‍ ഉളള മേനോന്‍ ഗ്രൂപ്പ് ഉടമകള്‍ വിജയ് മേനോന്റെയും സച്ചിന്‍ മേനോന്റെയും ബന്ധുകൂടിയാണ് ലീന. വിവിധ മേഖലകളില്‍ നിന്നായി 2025 ല്‍ രാജാവ് ആദരിക്കുവാനുള്ളവരുടെ പട്ടികയില്‍ 1200 ല്‍ അധികം ആളുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1200 ല്‍ 30 ല്‍പ്പരം ആളുകള്‍ ഇന്ത്യന്‍ വംശജരാണ്.