പുകവലി ദുശ്ശീലത്തില്‍ നിന്ന് മോചനം നേടാന്‍ മൊബൈല്‍ ആപ്പുമായി ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍
പുതുവര്‍ഷത്തില്‍ പുകവലി എന്ന ദുശ്ശീലത്തില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിച്ച് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പൂര്‍ണ്ണമായും സ്മാര്‍ട്ട് വാച്ച് അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ സിഗരറ്റ് പിടിക്കുമ്പോള്‍ സംഭവിക്കുന്ന കൈ ചലനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയര്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിന് സഹായകരമായത്. സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട് വാച്ചിന്റെ സിഗ്നല്‍ മുന്നറിയിപ്പ് നല്‍കും .
ഇതിനോടൊപ്പം പുകവലി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്ത മെസ്സേജുകള്‍ സ്മാര്‍ട്ട് വാച്ചിന്റെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിനോടൊപ്പം ഉപകരണം വൈബ്രേറ്റ് ചെയ്യുകയും ചെയ്യും . ഇതോടൊപ്പം ഒരാള്‍ എത്ര സിഗരറ്റ് വലിക്കും എന്നതിന്റെ കണക്കുകളും എത്ര എണ്ണം ഉപയോഗിച്ചെന്നും ഉപേക്ഷിച്ചെന്നും തുടങ്ങിയ കാര്യങ്ങളും സോഫ്റ്റ്‌വെയര്‍ ശേഖരിച്ചിട്ടുണ്ട്. പുകവലിക്കുന്നവര്‍ക്ക് തങ്ങളെ കുറിച്ച് ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നതാണ് ഈ വിവരങ്ങള്‍ എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ സമയത്തുള്ള ഇത്തരം ഇടപെടലുകള്‍ നിര്‍ണായകമാണെന്നാണ് ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ പുകയില, മദ്യം ഗവേഷണ ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്ന ഡോ . ക്രിസ് സ്റ്റോണ്‍ പറഞ്ഞു . പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ 66 ശതമാനം ആളുകളും സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ചുള്ള പുകവലി നിര്‍ത്താനുള്ള ആപ്ലിക്കേഷന്‍ പ്രയോജനപ്രദമാണെന്നാണ് അഭിപ്രായപ്പെട്ടത്.
പങ്കെടുത്തവരില്‍ 61 ശതമാനം പേരും ആപ്ലിക്കേഷനിലൂടെ തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ടു. പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗപ്രദമായ ഒരു മാര്‍ഗമാണെന്ന് ഈ പഠനം കാണിക്കുന്നുവെന്നും എന്നാല്‍ അവ എത്രത്തോളം ഫലപ്രദമാണെന്ന് മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ് എന്നും കാന്‍സര്‍ റിസര്‍ച്ച് യുകെയിലെ പോളിസി മാനേജര്‍ അലിസെ ഫ്രോഗല്‍ പറയുന്നു.
ഏതായാലും പുകവലിയില്‍ നിന്ന് വിമുക്തി നേടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ടെക്നോളജി അടിസ്ഥാനമായുള്ള ആദ്യത്തെ ഇടപെടലാണ് ഇതെന്നാണ് കരുതുന്നത്.