യുകെയില്‍ താപനില കുത്തനെ ഇടിഞ്ഞതോടെ തണുത്ത് വിറച്ച് ജനം. താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ ആര്‍ട്ടിക്ക് ഫ്രീസിംഗില്‍ ശക്തമായ മഞ്ഞും, തണുത്തുറഞ്ഞ മഴയുമാണ് വീക്കെന്‍ഡില്‍ വ്യാപകമാകുന്നത്.
ഐസ് നിറഞ്ഞ കാലാവസ്ഥയില്‍ യുകെയില്‍ വ്യാപകമായ തടസ്സങ്ങള്‍ ഉറപ്പായിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി യുകെയിലെ ഭൂരിഭാഗം ഇടങ്ങളിലും രണ്ട് ആംബര്‍, രണ്ട് യെല്ലോ അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പവര്‍കട്ടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ ശൈത്യകാല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങാനും ഇടയുണ്ട്. ട്രെയിനുകളും, വിമാനങ്ങളും വൈകുകയോ, റദ്ദാക്കപ്പെടുകയോ ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ചില മേഖലകളില്‍ 30 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നതിനാല്‍ പ്രാദേശിക മേഖലകള്‍ ഒറ്റപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് മേഖലയിലും വലിയതോതില്‍ മഞ്ഞ് വീഴുമെന്നാണ് മുന്നറിയിപ്പ്.