ബ്രിട്ടനില്‍ അതി ശൈത്യവും മഞ്ഞുവീഴ്ചയും. പലയിടത്തും മഴ ദുരിതം കൂടിയായതോടെ ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു കാലാവസ്ഥ വ്യതിയാനം. മഞ്ഞിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. കനത്ത മഞ്ഞുവീഴ്ചയില്‍ ബ്രിട്ടനില്‍ ജനജീവിതം താറുമാറായി. സതേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഉണ്ടായ കനത്ത മഞ്ഞിനു പിന്നാലെ സ്കോട്ട്ലന്‍ഡിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും മേഞ്ഞുമൂടിയിരിക്കുകയാണ്. വരുന്ന 48 മണിക്കൂര്‍ പലയിടത്തും കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കഴിഞ്ഞ ദിവസം രാത്രി അടച്ച മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളുടെ റണ്‍വേകള്‍ സേഫ്റ്റി അവലോകന മീറ്റിങ്ങിനു ശേഷം തുറന്നു എങ്കിലും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ലീഡ്സ്, പ്രാഡ്ഫോര്‍ഡ് എയര്‍പോര്‍ട്ടുകള്‍ ഇപ്പോഴും അടച്ചിരിക്കുകയാണ്. ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തി സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹീത്രൂ, ഗാട്ട്വിക്ക്, ലുട്ടന്‍, സ്റ്റാന്‍സ്റ്റഡ്, സിറ്റി എയര്‍പോര്‍ട്ട് തുടങ്ങി ലണ്ടന്‍ നഗരത്തിലെ വിമാനത്താവളങ്ങളില്‍ അപൂര്‍വം സര്‍വീസുകള്‍ വൈകിയെങ്കിലും റണ്‍വേ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായില്ല.
നോര്‍ത്തേണ്‍ ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും 25 സെന്റിമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായി. സ്കോട്ട്ലന്‍ഡില്‍ താപനില മൈനസ് 11 ഡിഗ്രിവരെ താഴ്ന്നു. നാഷനല്‍ റെയിലിന്റെ നോര്‍ത്തേണ്‍ നെറ്റ്വര്‍ക്കില്‍ ഗതാഗതതടസം തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റ് വെസ്റ്റേണ്‍ റെയില്‍വേ, സ്കോട്ട്റെയില്‍, ട്രാന്‍സ്പെന്നി എസ്ക്ര്പ്സ് എന്നിവയും സര്‍വീസില്‍ മുടക്കുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡില്‍ 28,000 വീടുകളില്‍ വൈദ്യുതി തകരാറിലായി. എന്നാല്‍ ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഇക്കുറി മഞ്ഞുവീഴ്ചയുടെ ദുരിതം കുറവാണ്.
രാജ്യത്തിന്റെ പലഭാഗങ്ങളിലും മെറ്റ് ഓഫിസ് ആംബര്‍ വാണിങ്ങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ വാരാന്ത്യത്തിലെ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നതും ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പുണ്ട്.
തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വെയില്‍സിന്റെ ഭാഗങ്ങള്‍, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങി. ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. അത്യാവശ്യ യാത്രകളാണെങ്കില്‍ മാത്രം പോകുക എന്നാല്‍ വില്‍ഷെയര്‍ പൊലീസിന്റെ നിര്‍ദ്ദേശം.
കനത്ത മഞ്ഞുവീഴ്ചയില്‍ പല റോഡുകളുടേയും ഗതാഗതം നിര്‍ത്തേണ്ടിവന്നു. താപനില പലയിടത്തും മൈനസ് പത്തിലേക്കെത്തി. ചിലയിടങ്ങളില്‍ ഒരടി നാലിഞ്ച് കനത്തില്‍ മഞ്ഞു വീണിരിക്കുകയാണ്. വെയില്‍സിനെ പൂര്‍ണമായും മഞ്ഞുവീഴ്ച ബാധിച്ചതായി മെറ്റ്ഓഫീസ് വ്യക്തമാക്കുന്നു. സ്‌കോട്‌ലന്‍ഡിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ രാവിലെ 10 വരെയായിരിക്കും മുന്നറിയിപ്പ് ഉണ്ടായിരിക്കുക.