ചികിത്സ നേടാനുള്ള സമയവും, സ്ഥലവും സ്വയം തീരുമാനിക്കാന്‍ രോഗികള്‍ക്ക് കഴിയുന്ന തരത്തില്‍ എന്‍എച്ച്എസ് ആപ്പ് അപ്‌ഗ്രേഡുമായി ഗവണ്‍മെന്റ്. ടെസ്റ്റ് ഫലങ്ങള്‍, ഫോളോ അപ്പ് അപ്പോയിന്റ്‌മെന്റുകള്‍ മുതല്‍ എവിടെ ചികിത്സിക്കണമെന്ന് വരെയുള്ള കാര്യങ്ങളാണ് ഇനി എന്‍എച്ച്എസ് ആപ്പിലൂടെ എളുപ്പം നടത്തിയെടുക്കാന്‍ കഴിയുക.
വെയ്റ്റിംഗ് ലിസ്റ്റിന് പുറമെ കാത്തിരിപ്പ് സമയവും കുറയ്ക്കാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ പരിഷ്‌കാരം. ധനികര്‍ക്ക് ലഭിക്കുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, നിയന്ത്രണവും, സൗകര്യവും തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട രോഗികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതിയെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ചികിത്സയ്ക്ക് ഏത് സേവനദാതാവിനെ സമീപിക്കണമെന്ന് തീരുമാനിക്കാന്‍ രോഗികള്‍ക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും കാല്‍ശതമാനം പേര്‍ക്ക് പോലും ഇത് വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു. പുതിയ നടപടികളില്‍ രോഗികള്‍ക്ക് കൂടുതല്‍ തെരഞ്ഞെടുപ്പുകളാണ് ഓഫര്‍ ചെയ്യുക. കൂടാതെ എന്‍എച്ച്എസ് ആപ്പ് ബുക്കിംഗ് നടപടികള്‍ എളുപ്പമാക്കുകയും ചെയ്യുമെന്നാണ് അധികൃതര്‍ കരുതുന്നത്.
അടിയന്തരമല്ലാത്ത ഇലക്ടീവ് ചികിത്സകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ പരിശോധിക്കാനും, നിയന്ത്രിക്കാനും കഴിയും. ഇത് സ്വതന്ത്ര മേഖലയില്‍ ഉള്‍പ്പെടെ നടത്താനും അനുമതി ലഭിക്കും. ഡയഗനോസ്റ്റിക് പരിശോധനകളും ഇനി ആപ്പ് വഴി ബുക്ക് ചെയ്യാം. നിലവില്‍ 8% ബുക്കിംഗ് മാത്രമാണ് എന്‍എച്ച്എസ് ആപ്പ്, അല്ലെങ്കില്‍ മാനേജ് യുവര്‍ റഫര്‍ വെബ്‌സൈറ്റ് വഴി നടക്കുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ രോഗികള്‍ക്ക് കെയര്‍ സേവനദാതാക്കളെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏക വഴിയായി മാറും.