കനത്ത മഞ്ഞ് വീഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെ പ്രധാന റോഡുകളില്‍ വെള്ളപ്പൊക്കം. മഞ്ഞും, ഐസും, മഴയും ചേര്‍ന്നാണ് പുതിയ യാത്രാ ദുരിതം സൃഷ്ടിക്കുന്നത്. കനത്ത മഞ്ഞ് വീണതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെ വലിയ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ പ്രധാന റോഡുകളില്‍ പലതിലും വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതിന് പുറമെ അപകടങ്ങളും വ്യാപകമായിട്ടുണ്ട്.
സോര്‍ നദിയില്‍ അലേര്‍ട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേര്‍ട്ടുകളുമാണ് നല്‍കിയിട്ടുള്ളത്.
ലിങ്കണ്‍ഷയര്‍ ഇഡെന്‍ഹാമിലെ പ്രൈമറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടു. കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എമര്‍ജന്‍സി സര്‍വ്വീസുകളാണ് പുറത്തെത്തിച്ചത്. പിന്നീട് ഇവരെ സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുകയായിരുന്നു.
ശക്തമായ മഴയും, മഞ്ഞ് ഉരുകുന്നതും മൂലം പില്ലിംഗ് ലോക്ക് നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ തന്നെ പ്രോപ്പര്‍ട്ടികളില്‍ വെള്ളം കയറുന്നത് തുടരും. ബാരോ അപ്പോണ്‍ സോറിന് സമീപമുള്ള പ്രോക്ടേഴ്‌സ് പ്ലഷര്‍ പാര്‍ക്കാണ് ഏറ്റവും അപകടസാധ്യതയുള്ള സ്ഥലം. അടുത്ത 24 മണിക്കൂറില്‍ ചെറിയ തോതില്‍ മഴ തുടരുമെന്നാണ് പ്രവചനം.
ബുധനാഴ്ച വരെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന തോതില്‍ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. വെള്ളപ്പൊക്കം നേരിടുന്ന മേഖലകളില്‍ എമര്‍ജന്‍സി സര്‍വ്വീസുകള്‍ നല്‍കുന്ന ഉപദേശം പാലിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അഭ്യര്‍ത്ഥിച്ചു.
വീക്കെന്‍ഡില്‍ മഞ്ഞും, ഐസ് വീഴ്ചയും അതിശക്തമായതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. ശൈത്യകാല സാഹചര്യങ്ങളില്‍ യാത്രാ ദുരിതം തുടരുമെന്ന് മെറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് പ്രഖ്യാപിച്ച കാലാവസ്ഥാ മുന്നറിയിപ്പുകല്‍ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയും, മഞ്ഞും മൂലം വെള്ളപ്പൊക്ക സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. 60 വെള്ളപ്പൊക്ക മുന്നറിയിപ്പും, 260 അലേര്‍ട്ടുകളും ഇതില്‍ പെടും. ഗ്ലോസ്റ്റര്‍ഷയറില്‍ എം5-ലെ സൗത്ത് മേഖലയിലേക്കുള്ള റോഡ് ജംഗ്ഷന്‍ 11 എ മുതല്‍ ജംഗ്ഷന്‍ 12 വരെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചതായി നാഷണല്‍ ഹൈവേസ് അറിയിച്ചു. ചില ഭാഗങ്ങളില്‍ രാത്രിയില്‍ താപനില -9 സെല്‍ഷ്യസ് വരെ താഴ്ന്നു.