ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സ്ഥാനമൊഴിഞ്ഞു
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബി ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. ഒരു മാസം മുന്‍പേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റര്‍ ജോണ്‍ സ്മിത്ത് കൗമാരക്കാരായ അനേകം പേര്‍ക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാര്‍ത്ത വന്നതോടെയാണ് ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്.
2013 മുതല്‍ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോണ്‍ സ്മിത്തിനെതിരായ വിചാരണ നടപടികള്‍ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നത്. സഭയുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന നിലയിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുമാണ് രാജിയെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭാതലവനായ രാജാവ് ചാള്‍സ് മൂന്നാമന്റെ അനുമതി തേടിക്കൊണ്ടാണ് രാജി.
പുതിയ ആര്‍ച്ചുബിഷപ്പിനെ നിയമിക്കുന്നതു വരെ യോര്‍ക്കിലെ ആര്‍ച്ച് ബിഷപ് റവ.ഡോ.സ്റ്റീഫന്‍ കോട്ട്രലിനാകും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല. പതിനൊന്നു വര്‍ഷമായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി തുടര്‍ന്നിരുന്ന റവ.ഡോ.ജസ്റ്റിന്‍ വെല്‍ബിയാണ് എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ശുശ്രൂഷകള്‍ക്കും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിനും മുഖ്യകാര്‍മികത്വം വഹിച്ചത്.
1970-80 കാലഘട്ടത്തില്‍ സഭയുടെ അനുമതിയോടെ പ്രവര്‍ത്തിച്ച വിവിധ ക്രിസ്ത്യന്‍ ക്യാംപുകളില്‍ വച്ച് ജോണ്‍ സ്മിത്ത് ഒട്ടറേ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ബാരിസ്റ്റരും ക്രിസ്ത്യന്‍ ചാരിറ്റി പ്രവര്‍ത്തകനുമായ ഇയാള്‍ പിന്നീട് സിംബാവെയിലും സൗത്ത് ആഫ്രിക്കയിലുമായി 13നും 17നും മധ്യേ പ്രായമുള്ള നൂറോളം കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ചു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2018ല്‍ മരിച്ച ജോണ്‍ സ്മിത്തിന്റെ പീഡനകഥകള്‍ പുറത്തുകൊണ്ടുവന്ന 2017ലെ ചാനല്‍4 ഡോക്യുമെന്ററിക്കു പിന്നാലെ ഇരകളായ കുട്ടികളോട് ആര്‍ച്ച് ബിഷപ് മാപ്പു പറഞ്ഞിരുന്നു എങ്കിലും രാജിവയ്ക്കാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ തയാറായിരുന്നില്ല. പിന്നീട് പുറത്തുവന്ന റിവ്യൂ റിപ്പോര്‍ട്ടിലെ കനത്ത പരാമര്‍ശങ്ങളാണ് സ്ഥാനത്യാഗത്തിലേക്ക് നയിച്ചത്. ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് സഭയിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ പരാതിയില്‍ ജനറല്‍ സിനഡിലെ 4500 പേര്‍ ഒപ്പിട്ടതോടെയാണ് സ്ഥാനമൊഴിയാന്‍ ആര്‍ച്ച് ബിഷപ് നിര്‍ബന്ധിതനായത്. ജോണ്‍ സ്മിത്ത് ഇംഗ്ലണ്ടില്‍ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും സഭ അധികാരികള്‍ ഇക്കാര്യം മറച്ചു വച്ചതിനാലാണ് അദ്ദേഹത്തിന് സിംബാവേയിലും ആഫ്രിക്കയിലും സമാനമായ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരാന്‍ സഹായകമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍ 68 വയസ്സ് മാത്രം പ്രായമുള്ള ആര്‍ച്ച് ബിഷപ് ഡോ.ജസ്റ്റിന്‍ വെല്‍ബി പതിനൊന്നു വര്‍ഷം മുമ്പാണ് ഡോ.റോവന്‍ വില്യംസിന്റെ പിന്‍ഗാമിയായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി അവരോധിതനായത്. ആര്‍ച്ച് ബിഷപ് എന്ന നിലയില്‍ ഹൗസ് ഓഫ് ലോഡ്‌സിലെ അംഗവുമായിരുന്നു ഡോ. ജസ്റ്റിന്‍ വെല്‍ബി.