എന്‍എച്ച്എസിനെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന ശൈത്യകാലത്ത് രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നു. ജനുവരിയുടെ ആരംഭം മുതല്‍ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മുതലായ ശൈത്യകാല രോഗങ്ങളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ എന്‍എച്ച്എസ് ആശുപത്രികള്‍ മാസ്ക് നിര്‍ബന്ധമാക്കുകയാണ്.
ഗ്ലൗസെസ്റ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍സ് രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. ശൈത്യകാല രോഗങ്ങളില്‍ ഉണ്ടായ വന്‍ കുതിപ്പ് കടുത്ത സമ്മര്‍ദ്ദം ആശുപത്രികളില്‍ ഉണ്ടാകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറസ് ഭീഷണി മൂലം കടുത്ത മുന്‍കരുതലാണ് ആശുപത്രികള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായതോ ജീവന്‍ അപായപ്പെടുത്തുന്നതോ ആയ അവസ്ഥകള്‍ ഉള്ള രോഗികള്‍ മാത്രമേ ആശുപത്രികളില്‍ വരാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ആണ് നല്‍കിയിരിക്കുന്നത്. ഇന്ന് ജനുവരി 9-ാം തീയതി 90 പേരാണ് വിശദ ചികിത്സയ്ക്കായി ഗ്ലൗസെസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ എത്തിയത്.
രോഗവും അണുബാധയും പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് താല്‍ക്കാലിക മുഖംമൂടി നിയമം കൊണ്ടുവന്നത്. ഹോസ്പിറ്റലില്‍ വരുന്നവര്‍ക്കെല്ലാം ശസ്ത്രക്രിയാ മുഖംമൂടികള്‍ നല്‍കുമെന്ന് എന്‍എച്ച്എസ് ഗ്ലൗസെസ്റ്റര്‍ഷയര്‍ ഹോസ്പിറ്റലുകള്‍ കൂട്ടിച്ചേര്‍ത്തു. രോഗികളും ആശുപത്രി സന്ദര്‍ശകരും ജാഗ്രത പാലിക്കണമെന്നും ജീവനക്കാരെയും ദുര്‍ബലരായ ആളുകളെയും ശൈത്യകാല രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും എന്‍എച്ച്എസ് ഗ്ലൗസെസ്റ്റര്‍ഷയര്‍ ഹോസ്പിറ്റലുകള്‍ മുന്നറിയിപ്പ് നല്‍കി.
ഞങ്ങളുടെ രോഗികളെയും ജീവനക്കാരെയും പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കാന്‍ ഞങ്ങളെ സഹായിക്കൂ എന്നും കോവിഡ് 19, ഇന്‍ഫ്ലുവന്‍സ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍, നൊറോവൈറസ് (വയറിളക്കം, ഛര്‍ദ്ദി), അഞ്ചാംപനി എന്നിവ എളുപ്പത്തില്‍ പടരുന്നു എന്നും ആശുപത്രികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.