ബ്രിട്ടനില്‍ ചെറിയ കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന കേസുകളില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 550 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 2016-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന 1157 കേസുകളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ഈ കേസുകള്‍ 7479 ആയി വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്. ഏകദേശം 546% വര്‍ദ്ധന. വ്യക്തികളും, സംഘങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് ഹോം ഓഫീസ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശകത്തിനിടെ കുട്ടികളെ ഈ വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഒരുക്കിയെടുക്കുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
2004 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ 186 കേസുകളാണ് രേഖപ്പെടുത്തിയത്. 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 2 ശതമാനമാണ്. 2016-ല്‍ 1157 കേസുകളായി ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണം 4625-ലേക്കാണ് കുതിച്ചുചാടിയത്.
ഗ്രൂമിംഗ് സംഘങ്ങള്‍ ഒന്നിലേറെ കുട്ടികളെ ഇരകളാക്കുമെന്നതിനാല്‍ യഥാര്‍ത്ഥ തോത് ഇപ്പോള്‍ പുറത്തുവരുന്നതിന്റെ പല മടങ്ങ് അധികമായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എല്ലാ ദിവസവും കുട്ടികളെ ചൂഷണം ചെയ്യുന്ന ഗ്രൂമിംഗ് സംഘങ്ങളെ കുറിച്ചുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ വീതം പോലീസിന് ലഭിച്ചിരുന്നതായി മറ്റൊരു കണക്കും പുറത്തുവരുന്നുണ്ട്.