മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ നഴ്സിനു നേരെ ആക്രമണം; പരുക്ക് ഗുരുതരം, പ്രതി അറസ്റ്റില്‍
മാഞ്ചസ്റ്റര്‍ ഓള്‍ഡ്ഹാം ആശുപത്രിയില്‍ എ&ഇ ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് നഴ്‌സ് ഗുരുതരാവസ്ഥയില്‍.കാത്തിരുന്ന് രോഷാകുലനായ രോഗി ജോലി ചെയ്യുകയായിരുന്ന നഴ്‌സിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന 50-കളില്‍ പ്രായമുള്ള നഴ്‌സിനാണ് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.
നഴ്‌സിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നും, ജീവിതം മാറ്റിമറിക്കാന്‍ പോന്നതാണെന്നും പോലീസ് പറയുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന അതിക്രമം അരങ്ങേറിയത്. അതേസമയം കത്തിയ്ക്ക് പകരമായി മൂര്‍ച്ചയുള്ള എന്തോ ഉപകരണമാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
37-കാരനായ പുരുഷനെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. റോയല്‍ ഓള്‍ഡാം ഹോസ്പിറ്റലിലെ എ&ഇ ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സിന് നേരിട്ട അക്രമം ഞെട്ടിക്കുന്നതാണെന്ന് ഇവിടുത്തെ ലേബര്‍ എംപി ജിം മക്‌മൊഹന്‍ പറഞ്ഞു.
രോഗിയെ കാണാനായി സമയമെടുത്തതോടെയാണ് ഇയാള്‍ രോഷാകുലനായി അക്രമം നടത്തിയതെന്ന് ഒരു നഴ്‌സ് വെളിപ്പെടുത്തി. അക്രമത്തിന് മുന്‍പ് രോഗി തര്‍ക്കിച്ചിരുന്നതായും ഇവര്‍ പറയുന്നു. കാത്തിരുന്ന് ദേഷ്യം വന്നതോടെ ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചത് നഴ്‌സുമാരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.
നഴ്‌സിംഗ് ജീവനക്കാര്‍ക്ക് ഭയപ്പാടില്ലാതെ ആളുകളെ പരിചരിക്കാന്‍ കഴിയണമെന്ന് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30-ഓടെയാണ് അക്രമം നേരിട്ടതെന്ന് റോയല്‍ ഓള്‍ഡാം ഹോസ്പിറ്റല്‍ വ്യക്തമാക്കി.
തണുപ്പുകാലം കടുത്തതോടെ ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം പതിവിലേറെ വര്‍ധിച്ചു.