കൊടുംതണുപ്പ് അവഗണിച്ച് അടിവസ്ത്രം അണിഞ്ഞ് വാര്‍ഷിക 'നോ ട്രൗസേഴ്‌സ് ട്യൂബ്' യാത്ര ആഘോഷമാക്കി ആളുകള്‍. വര്‍ഷാവര്‍ഷം നടത്തുന്ന 'നോ ട്രൗസേഴ്‌സ് ട്യൂബ്' ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാര്‍ പതിവ് വസ്ത്രം ഉപേക്ഷിച്ച് അടിവസ്ത്രം അണിഞ്ഞ് തലസ്ഥാനത്തെ അണ്ടര്‍ഗ്രൗണ്ട് ശൃംഖലയില്‍ യാത്ര ചെയ്തത്. താപനില വളരെ കുറഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലാണ് ഇതിനെ അവഗണിച്ച് പാന്റ് ഇടാതെ യാത്ര ചെയ്യാന്‍ ഇവര്‍ ധൈര്യം കാണിച്ചത്.
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടില്‍ വെസ്റ്റ്മിന്‍സ്റ്റര്‍, വാട്ടര്‍ലൂ, സൗത്ത് കെന്‍സിംഗ്ടണ്‍ മുതലായ ഇടങ്ങളില്‍ പാന്റിടാത്ത യാത്രക്കാര്‍ എത്തിച്ചേര്‍ന്നു. 2002 ജനുവരിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ ആരംഭിച്ച പരിപാടിയാണ് പിന്നീട് ലോകത്ത് വ്യാപിച്ചത്. ഈ വര്‍ഷം ലണ്ടനില്‍ ഡസന്‍ കണക്കിന് ആളുകള്‍ ദിനാഘോഷത്തില്‍ പങ്കുചേരാന്‍ തയ്യാറായി.
അപ്രതീക്ഷിത സന്തോഷവും, ആശയക്കുഴപ്പവും സൃഷ്ടിക്കുക മാത്രമാണ് ഇതിന്റെ ഉദ്ദേശമെന്ന് സംഘാടകനായ ചാര്‍ലി ടോഡ് പറയുന്നു. ആരെയും ഉപദ്രവിക്കാത്ത ഒരു സരകരമായ കാര്യം മുന്നോട്ട് പോകുന്നതിനാല്‍ സന്തോഷമുണ്ട്. സാംസ്‌കാരിക യുദ്ധങ്ങള്‍ നടക്കുന്ന അന്തരീക്ഷത്തില്‍ ആളുകളെ ചിരിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന ഒരു കാര്യം ചെയ്യുകയാണ് ഉദ്ദേശമെന്നും ടോഡ് കൂട്ടിച്ചേര്‍ത്തു.