അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്.
2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും റിഫോം യുകെയുടെ കുതിപ്പ് കണ്‍സര്‍വേറ്റീവുകള്‍ക്കും വലിയ തിരിച്ചടിയാണ്. അടുത്ത തവണ ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് ഇതോടെ മങ്ങുന്നത്.
റിഫോം യുകെയ്ക്കായി എലണ്‍ മസ്‌ക് 100 മില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫരാഗിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അസാധാരണ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വരെ കടന്നാക്രമിക്കുന്ന മസ്‌കിന് പിന്നില്‍ സഹായിയായി ഡൊമനിക് കുമ്മിംഗ്‌സ് നില്‍ക്കുന്നുണ്ടെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
ബോറിസ് ജോണ്‍സന്റെ മുന്‍ നം. 10 ഉപദേശകനാണ് കുമ്മിംഗ്‌സ്. സ്വന്തമായി പാര്‍ട്ടി തയ്യാറാക്കി പരമ്പരാഗത വെസ്റ്റ്മിന്‍സ്റ്റര്‍ സിസ്റ്റം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. എലണ്‍ മസ്‌കിന്റെ ആശയങ്ങള്‍ക്കൊപ്പം ചേരുന്ന വ്യക്തി കൂടിയാണ് കുമ്മിംഗ്‌സ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി യുഎസ് ഗവണ്‍മെന്റ് ചെലവുകള്‍ ചുരുക്കാനുള്ള പദ്ധതികള്‍ക്ക് മസ്‌കിനെ ഉപദേശിക്കുന്നതും ഇദ്ദേഹമാണെന്നാണ് സൂചന. കീര്‍ സ്റ്റാര്‍മറിന് എതിരായി സോഷ്യല്‍ മീഡിയയില്‍ മസ്‌ക് നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നിലും കുമ്മിംഗ്‌സ് ആണെന്നാണ് പറയപ്പെടുന്നത്. സ്റ്റാര്‍മറെ ഓഫീസില്‍ നിന്നും തെറിപ്പിക്കുമെന്നാണ് ഇവരുടെ നിലപാട്. മസ്‌കിന് പിന്നില്‍ കുമ്മിംഗ്‌സാണെന്നാണ് ലേബര്‍ സംശയിക്കുന്നത്.