യുകെയില്‍ വലിയൊരു ഭാഗം ലൈംഗിക അതിക്രമ കേസുകളിലും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോകുന്നുണ്ടെന്ന് കണക്കുകള്‍. 2024 ജൂണ്‍ വരെയുള്ള കണക്കില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 1.9 ദശലക്ഷത്തോളം അക്രമമോ ലൈംഗീകപരമായ കുറ്റകൃത്യത്തിലോ ഏര്‍പ്പെടുന്ന പ്രതികളെ തിരിച്ചറിയാതെ പോകുന്ന കേസുകളുണ്ട്. കേസുകളിലെ 89 ശതമാനവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്നു. ഇരകള്‍ കടുത്ത നിരാശയിലാണ്. ഒപ്പം സമൂഹവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ക്രൂരത ചെയ്ത ശേഷം സാധാരണ ജീവിതം നയിച്ചു കുറ്റവാളികള്‍ പൊതുജനമധ്യത്തില്‍ കഴിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആശങ്കപ്പെടുത്തുന്നതാണ്.
ആകെ കേസുകളില്‍ ലങ്കാഷെയറില്‍ 19.2 ശതമാനവും കുംബ്രിയയില്‍ 18 ശതമാനവും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ 6.9 ശതമാനം കേസുകളും മെട്രോ പൊളിറ്റന്‍ പൊലീസിന് കീഴില്‍ ഏഴു ശതമാനവും കേസുകളാണ് പരിഹാരം കണ്ടത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും മെഴ്‌സിഡൈസിലും പത്തു കേസില്‍ ഒന്നില്‍ മാത്രമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഇരയായപ്പെടുന്നവരും ആവശ്യപ്പെടുന്നു.
നീതി കിട്ടാന്‍ സാധ്യതയില്ലെന്ന തോന്നലില്‍ ഇരയാക്കപ്പെട്ടാലും പലരും അതു റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യമുണ്ട്. ഗൗരവമേറിയ വീഴ്ചയാണ് പൊലീസ് മേഖലയിലുള്ളത്. ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സുരക്ഷിതമായ ജീവിത സാഹചര്യം ജനങ്ങള്‍ക്കുമുണ്ടാകില്ല.
രാജ്യത്തു ചെറിയ കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന കേസുകളില്‍ വന്‍വര്‍ദ്ധന ഉണ്ടായതായി കണക്കുകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 550 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍. 2016-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന 1157 കേസുകളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തോടെ ഈ കേസുകള്‍ 7479 ആയി വര്‍ദ്ധിച്ചതായാണ് വ്യക്തമാകുന്നത്. ഏകദേശം 546% വര്‍ദ്ധന. വ്യക്തികളും, സംഘങ്ങളും നടത്തുന്ന കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് ഹോം ഓഫീസ് കണക്കുകള്‍. കഴിഞ്ഞ രണ്ട് ദശകത്തിനിടെ കുട്ടികളെ ഈ വിധത്തില്‍ ലൈംഗിക ചൂഷണത്തിന് ഒരുക്കിയെടുക്കുന്നതില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
2004 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ 186 കേസുകളാണ് രേഖപ്പെടുത്തിയത്. 2024 ജൂണിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വെറും 2 ശതമാനമാണ്. 2016-ല്‍ 1157 കേസുകളായി ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കേസുകളുടെ എണ്ണം 4625-ലേക്കാണ് കുതിച്ചുചാടിയത്.