രാജ്യവും ജനങ്ങളും കടുത്ത സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ രാജിയ്ക്കായി മുറവിളി ശക്തമാകുന്നു. പാര്‍ലമെന്റില്‍ ടോറികള്‍ ഉള്‍പ്പെടെയുള്ളവര്‍ റീവ്‌സിന്റെ ബജറ്റ് ടാക്‌സ് വേട്ടയെ കുറ്റപ്പെടുത്തുന്നു. ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുമ്പോഴാഴും ഇതൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ചാന്‍സലര്‍.
റീവ്‌സിനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം രൂക്ഷമാണ്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതോടെ സ്വന്തം സാമ്പത്തിക നയങ്ങള്‍ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാന്‍സലര്‍. പാര്‍ലമെന്റിന്റെ അവസാനം വരെ ചാന്‍സലര്‍ റീവ്‌സ് തന്നെയായിരിക്കുമെന്ന് സ്റ്റാര്‍മര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ഥിതി നിയന്ത്രണത്തിലാക്കാന്‍ രണ്ട് പോംവഴികള്‍ മാത്രമാണ് ചാന്‍സലര്‍ക്ക് മുന്നിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകില്‍ ചെലവ് ചുരുക്കുക, അല്ലെങ്കില്‍ നികുതി വീണ്ടും വര്‍ദ്ധിപ്പിക്കുക എന്നിവയാണത്. ചെലവ് ചുരുക്കുന്ന വഴിയിലേക്കാണ് നീങ്ങുകയെന്ന് റീവ്‌സ് സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ പൗണ്ട് ഇതിനകം 14 മാസത്തെ താഴ്ചയില്‍ എത്തുകയും, ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ 27 വര്‍ഷത്തെ ഉയരത്തില്‍ എത്തിയെന്നും ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് സഭയില്‍ ഓര്‍മ്മിപ്പിച്ചു. വളര്‍ച്ചയെ കൊന്നു, പണപ്പെരുപ്പം ഉയരുന്നു, പലിശ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ഉയര്‍ന്ന് നില്‍ക്കുന്നു, ബിസിനസ്സുകളുടെ ആത്മവിശ്വാസവും കെടുത്തുന്നു, സ്‌ട്രൈഡ് പറഞ്ഞു.
വലിയ പ്രതീക്ഷകളുമായി അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി കുറഞ്ഞ് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതില്‍ ഒരു പ്രധാന കാരണം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ടാക്‌സ് കൂട്ടി പിടിച്ചുനിര്‍ത്താനുള്ള ശ്രമമായിരുന്നു ചാന്‍സലറുടേത്.
പുതിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചാന്‍സലര്‍ പരാജയപ്പെടുന്നതായി പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട അവസ്ഥയാണ്.
സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയാത്തതും പണപ്പെരുപ്പവും തിരിച്ചടിയാണ്. ടാക്‌സ് കൂട്ടിയും ചെലവ് ചുരുക്കിയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ വികസനത്തിലൂന്നിയും എന്‍എച്ച്എസിനെ രക്ഷിച്ചും തൊഴിലാളികള്‍ക്ക് മികച്ച വേതനം വാഗ്ദാനം ചെയ്തുമുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്‍ബലമേകാനുള്ള സാമ്പത്തിക അവസ്ഥ സര്‍ക്കാരിനില്ല. റേച്ചല്‍ റീവ്‌സിന്റെ നയങ്ങളില്‍ അതൃപ്തി വന്നതോടെ പ്രധാനമന്ത്രി ഇനി എന്ത് തീരുമാനിക്കുമെന്നതും നിര്‍ണ്ണായകമാണ്.
നികുതി കൂട്ടിയതോടെ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. കൂട്ട പിരിച്ചുവിടലുകളും ചില്ലറ മേഖലയില്‍ നടക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ വലിയ മുന്നൊരുക്കത്തോടെ സമീപിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ജനങ്ങളുടെ അതൃപ്തിയില്‍ പ്രധാനമന്ത്രി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. മുഖം രക്ഷിക്കാന്‍ റിച്ചല്‍ റേവ്‌സിനെ മാറ്റുമോ എന്ന ചര്‍ച്ചയും സജീവമായിട്ടുണ്ട്.