ഓണ്‍ലൈന്‍ വഴി അഡീഷണല്‍ വരുമാനം ഉണ്ടായാലും ഇനി പിടിവീഴും. നിങ്ങളുണ്ടാക്കിയ ഏതെങ്കിലും വസ്തുക്കളോ മറ്റോ ഓണ്‍ലൈന്‍ വഴി വിറ്റാല്‍, നികുതി വകുപ്പ് തേടിയെത്താം. ഇത്തരത്തിലുള്ള വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരിയാക്കി വെച്ചില്ലെങ്കില്‍, അപ്രതീക്ഷിതമായ നികുതി ബില്ലുകളും പിഴ അടയ്ക്കുവാനുള്ള നോട്ടീസുകളും ഏത് സമയത്തും പ്രതീക്ഷിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ വേദികളായ വിന്റഡ്, ഈബേ, എയര്‍ബി എന്‍ ബി എന്നിവരോട് അവരുടെ ഉപയോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എച്ച് എം ആര്‍ സി. 2024 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റുകള്‍ ഈ നിയമപ്രകാരമുള്ള ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എച്ച് എം ആര്‍ സിക്ക് സമര്‍പ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലും നികുതി നിരക്കിലോ മാറ്റങ്ങള്‍ ഒന്നുമില്ല. എന്നാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വഴി ആരൊക്കെയാണ് വരുമാനം നേടുന്നത് എന്ന് മനസ്സിലാക്കാനും, അതുവഴി അവരെ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനും എച്ച് എം ആര്‍ സിക്ക് ഈ റിപ്പോര്‍ട്ടുകള്‍ സഹായകമാകും. അതായത്, ചെറിയതാണെങ്കിലും ഒരു അധിക വരുമാനം നിങ്ങള്‍ നേടിയിട്ടുണ്ട്, അത് ഡിക്ലയര്‍ ചെയ്തിട്ടില്ല എങ്കില്‍, നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചേക്കും എന്നര്‍ത്ഥം. ഇത്തരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് നോട്ടീസ് ലഭിച്ചേക്കും എന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ വിപണികള്‍ വഴി വസ്ത്രങ്ങളും മറ്റും വില്‍ക്കുന്നവര്‍, ഗൃഹ നിര്‍മ്മിതമായ കരകൗശല വസ്തുക്കള്‍, കേക്കുകള്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ വില്‍ക്കുന്നവരായിരിക്കും പ്രധാനമായും കുടുങ്ങുക. ഇന്റര്‍നെറ്റ് വഴി പരസ്യം നല്‍കി, താത്ക്കാലികല്‍ ജോലികളില്‍ പ്രതിഫലം വാങ്ങി ഏര്‍പ്പെടുന്നവരും, വീടുകള്‍ ഓണ്‍ലൈന്‍ വഴി ഹോളിഡേ ഹോം ആക്കി വാടകക്ക് നല്‍കുന്നവരും ഈ നിയമത്തിന്‍ കീഴില്‍ വരും.2024 ല്‍ ഓണ്‍ലൈന്‍ വഴി ചുരുങ്ങിയത് 30 വസ്തുക്കള്‍ വില്‍ക്കുകയോ അതല്ലെങ്കില്‍ ഏകദേശം 1700 പൗണ്ടിനടുത്ത് വരുമാനം ഉണ്ടാക്കുകയോ ചെയ്തവര്‍ക്കും, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴി പ്രതിഫലം വാങ്ങി സേവനങ്ങള്‍ നല്‍കിയവര്‍ക്കും, അവരുടെ ചില വിവരങ്ങള്‍ നികുതി വകുപ്പിന് കൈമാറുന്നതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പുകള്‍ ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ഉടനെ ലഭിക്കും.
ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധിയില്‍, മൂന്നിലൊന്ന് ബ്രിട്ടീഷുകാരും, ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി അധിക വരുമാനം നേടാന്‍ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍, പ്രതിവര്‍ഷം 1000 പൗണ്ടില്‍ കുറവാണ് അധിക വരുമാനമെങ്കില്‍ നിങ്ങള്‍ നികുതി നല്‍കുകയോ, വരുമാനം ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്തുകയോ വേണ്ട. എന്നാല്‍, അതിലധികം ഒരുപൗണ്ട് എങ്കിലും നേടിയാല്‍ അക്കാര്യം നികുതി വകുപ്പിനെ അറിയിച്ചിരിക്കണം.