ലോകത്തെ നിക്ഷേപ സൗഹൃദ രാജ്യങ്ങളില്‍ ബ്രിട്ടന്‍ രണ്ടാമത്, ഒന്ന് യുഎസ്, ഇന്ത്യ അഞ്ചാമത്
ലോകത്തു നിക്ഷേപത്തിന് പറ്റുന്ന ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമെന്ന പദവി യുകെ നേടി. ഒന്നാംസ്ഥാനം യുഎസിനാണ്. കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി നടത്തിയ ആഗോള ബിസിനസ് നേതാക്കളുടെ വാര്‍ഷിക സര്‍വേ അനുസരിച്ചാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ചൈന, ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ബ്രിട്ടന്റെ തൊട്ട് പിന്നിലുള്ളത്.
109 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5000 ചീഫ് എക്സിക്യൂട്ടീവുകളുടെ ഇടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ 28 വര്‍ഷത്തെ ചരിത്രത്തില്‍ യുകെയുടെ ഏറ്റവും ഉയര്‍ന്ന റാങ്ക് ആണ് ഇത്. കഴിഞ്ഞവര്‍ഷം 4-ാം സ്ഥാനത്തായിരുന്നു യുകെയുടെ സ്ഥാനം. ആഗോളതലത്തില്‍ സി ഇ ഒ മാര്‍ ബ്രിട്ടനെ വ്യവസായ സൗഹൃദ രാജ്യമായി കാണുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ യുകെയിലേയ്ക്ക് കൂടുതല്‍ നിക്ഷേപം എത്തുന്നതിന് റാങ്കിങ്ങിലെ നില മെച്ചപ്പെടുത്തിയതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനും യുകെയില്‍ ഉടനീളം ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപകര്‍ രാജ്യത്തിലേയ്ക്ക് വരുന്നതിലൂടെ സാധിക്കുമെന്ന് ചാന്‍സലര്‍ പറഞ്ഞു.
നിക്ഷേപത്തിന് ഏറ്റവും ആകര്‍ഷകമായ രണ്ടാമത്തെ രാജ്യമായി യുകെ മാറിയെന്ന റിപ്പോര്‍ട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. റീവ്സ് ഡാവോസ് ഉച്ചകോടിയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ചാന്‍സലര്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കും തുടങ്ങിയ കാരണങ്ങളാല്‍ ഇന്റര്‍നാഷണല്‍ മോണേട്ടറി ഫണ്ട് യുകെയുടെ വളര്‍ച്ച നിരക്ക് 1.5 ശതമാനമെന്ന മുന്‍ പ്രവചനത്തില്‍ നിന്ന് 1.6 ശതമാനമായി ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയ അസ്ഥിരത നേരിടുന്ന ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ പ്രധാന യൂറോപ്യന്‍ യൂണിയന്‍ സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി സര്‍ക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ടെന്ന വസ്തുത നിക്ഷേപത്തിനുള്ള സുരക്ഷിത താവളമെന്ന നിലയില്‍ യുകെയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.