ലണ്ടന്‍ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തില്‍ പങ്കെടുക്കുന്ന സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവുകളുടെ ഗ്രൂപ്പില്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയും ചേര്‍ന്നതായി റിപ്പോര്‍ട്ട്. പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക്‌സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇന്റര്‍നെറ്റിന്റെ വൈസ് ചെയര്‍മാന്‍ സത്യന്‍ ഗജ്വാനിയും നയിക്കുന്ന കണ്‍സോര്‍ഷ്യം ഓവല്‍ ഇന്‍വിന്‍സിബിള്‍സിനോ ലണ്ടന്‍ സ്പിരിറ്റിനോ വേണ്ടി 97 മില്യന്‍ ഡോളറിലധികം ബിഡ് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോര്‍മാറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദി ഹണ്ട്രഡിന്റെ ഭാഗമാണ് ഈ ടീമുകള്‍.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബ് സിഇഒ ശന്തനു നാരായണ്‍, സില്‍വര്‍ ലേക്ക് മാനേജ്മെന്റിന്റെ സഹ സിഇഒ എഗോണ്‍ ഡര്‍ബന്‍ എന്നിവരും ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. യുഎസില്‍ ക്രിക്കറ്റിന്റെ സ്വാധീനം വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ അമേരിക്കന്‍ ടെക് നേതാക്കള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പരമ്പരാഗത വിപണികള്‍ക്കപ്പുറം കായികരംഗത്തിന്റെ വളരുന്ന ആകര്‍ഷണത്തിന്റെ തെളിവാണ് നാദെല്ലയും നാരായണനും മേജര്‍ ലീഗ് ക്രിക്കറ്റില്‍ നിക്ഷേപകരാണ് എന്നത്. ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ സാമ്പത്തിക ഭാവി ശക്തിപ്പെടുത്തുന്നതിനായി, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സെപ്റ്റംബറില്‍ ദി ഹണ്ട്രഡിന്റെ എട്ട് ടീമുകള്‍ക്കായി സ്വകാര്യ നിക്ഷേപത്തിനുള്ള വാതിലുകള്‍ തുറന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ചെല്‍സി എഫ്സിയുടെയും വില്‍പനയ്ക്ക് മേല്‍നോട്ടം വഹിച്ച നിക്ഷേപ ബാങ്കായ റെയ്ന്‍ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ലേലം 308 മില്യന്‍ ഡോളറിലധികം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.