തടവുകാരനുമായി അടുപ്പത്തിലായി ജയിലിലേക്ക് മയക്കുമരുന്ന് മയക്കുമരുന്ന് കടത്തി നല്‍കിയ കേസില്‍ പ്രിസണ്‍ നഴ്‌സിന് ജയില്‍ശിക്ഷ. ജയില്‍പുള്ളിയുമായി പ്രണയത്തിലായതോടെയാണ് ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് നഴ്‌സ് മയക്കുമരുന്ന് കടത്തിയിരുന്നത്. എച്ച്എംപി മാഞ്ചസ്റ്ററില്‍ എക്‌സ്-ഡ്രഗ്, ആല്‍ക്കഹോള്‍, റിക്കവറി പ്രാക്ടീഷണര്‍ നഴ്‌സായിരുന്ന 31-കാരി സാറാ കചാചിനെയാണ് തന്റെ പദവി ദുരുപയോഗം ചെയ്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതിജീവിച്ച് നിരോധിത ഉത്പന്നങ്ങള്‍ എത്തിച്ചതിന് ശിക്ഷിച്ചത്.
കഞ്ചാവ്, കെറ്റമിന്‍, കൊക്കെയിന്‍, പുകയില എന്നിവയാണ് തന്റെ ബ്രായ്ക്ക് ഉള്ളില്‍ ഒളിപ്പിച്ച് ഇവര്‍ ജയിലിലേക്ക് എത്തിച്ചിരുന്നത്. തടവുകാരന്‍ 29 വയസ്സുള്ള കാസിം അഹമ്മദുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഇവര്‍ ഈ പരിപാടിക്ക് കൂട്ടുനിന്നത്.
മയക്കുമരുന്ന്, മദ്യപാന ആസക്തിയില്‍ നിന്നും മോചനം നേടാന്‍ തടവുകാരെ സഹായിക്കുകയായിരുന്നു നഴ്‌സിന്റെ ഡ്യൂട്ടി. എന്നാല്‍ ഈ പദവി ഉപയോഗിച്ച് ഇത്തരം വസ്തുക്കള്‍ എത്തിക്കാനാണ് സാറ തയ്യാറായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2022 നവംബറില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങേണ്ടിയിരുന്ന അഹമ്മദ് സെല്ലില്‍ വെച്ച് മൊബൈലില്‍ സംസാരിക്കുന്നത് കണ്ട് പിടിക്കപ്പെട്ടതോടെയാണ് സംഭവങ്ങള്‍ പുറത്തുവന്നത്.
ഫോണിലെ മെമ്മറി കാര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് നഴ്‌സ് സാറയുമായുള്ള ബന്ധം വെളിവായത്. തുടര്‍ന്ന് ഇവരെ പിടികൂടി നടത്തിയ പരിശോധനയില്‍ ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ ഗര്‍ഭനിരോധന ഉറയില്‍ ഒളിപ്പിച്ച കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് വര്‍ഷത്തെ ശിക്ഷയാണ് നഴ്‌സിന് ലഭിച്ചത്. അഹമ്മദിനും രണ്ട് വര്‍ഷം ശിക്ഷ വിധിച്ചു.