അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ നഴ്‌സിങ് കോളജിന്റെ (ആര്‍സിഎന്‍ )പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ ചുമതലയേറ്റു. ആര്‍സിഎന്‍ പ്രസിഡന്റ് എന്ന നിലയില്‍ ചെയിന്‍ ഓഫ് ദി ഓഫീസ് കഴുത്തില്‍ അണിഞ്ഞാണ് ചുമതലയേറ്റത്.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ആര്‍സിഎന്‍ യൂണിയന്റെ ആദ്യത്തെ പുരുഷ പ്രസിഡന്റാണ് ബിജോയ് സെബാസ്റ്റിയന്‍. ആദ്യ ഏഷ്യക്കാരനും
1916 മാര്‍ച്ച് 27നാണ് റോയല്‍ നഴ്‌സിങ് കോളജ് രൂപീകൃതമായത് എങ്കിലും ആദ്യ പ്രസിഡന്റായ സിഡ്‌നി ബ്രൗണി മുതല്‍ ഇപ്പോള്‍ ചുമതല ഒഴിഞ്ഞ ഷീല സെബ്രാനി വരയെുള്ള പ്രസിഡന്റുമാര്‍ എല്ലാവരും തന്നെ വനിതകളായിരുന്നു.
ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും ശക്തവും വലുതുമായ സംഘടനയാണ് ആര്‍സിഎന്‍.
ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തിന്റെ ചുമതലയുള്ള സീനിയര്‍ നഴ്‌സാണ്. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ബിജോയ് ഉന്നത വിജയം നേടിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂകെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂകെയില്‍ നഴ്‌സുമാരാണ്.
യുകെ മലയാളി നഴ്സുമാര്‍ക്ക് വലിയ ഗുണകരമാകും ബിജോയുടെ സാന്നിധ്യം.