നാല് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക്
നിയമപ്രകാരമുള്ള പരമാവധി നികുതി വര്‍ധനയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് വരുന്നു. നാല് മില്ല്യണിലേറെ കുടുംബങ്ങള്‍ക്കാണ് കൗണ്‍സില്‍ ടാക്‌സിന്റെ ശിക്ഷ ലഭിക്കുകയെന്നാണ് വിവരം. രണ്ട് ദശകത്തിനിടെ ഇംഗ്ലണ്ടില്‍ കാണാത്ത ഏറ്റവും വലിയ വര്‍ധനയ്ക്കാണ് കളമൊരുങ്ങുന്നത്.
25 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് വര്‍ധിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ ഇതില്‍ പെടുന്നു. ഏപ്രില്‍ മുതലാണ് നികുതി വര്‍ധനവുകള്‍ പ്രാബല്യത്തിലെത്തുക. നിയമപരമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഏഴ് കൗണ്‍സിലുകളാണ് 9.99 ശതമാനം മുതല്‍ 15 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.
ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജനങ്ങളെ പിഴിയാന്‍ കൗണ്‍സിലുകള്‍ നീക്കം നടത്തുന്നത്. ഗവണ്‍മെന്റ് നിയമങ്ങള്‍ പ്രകാരം കൗണ്‍സില്‍ ടാക്‌സ് 4.99 ശതമാനം വരെ ഉയര്‍ത്താനാണ് അനുമതിയുള്ളത്. ഇതില്‍ കൂടുതല്‍ ഉയര്‍ത്താന്‍ ഹിതപരിശോധന വേണമെന്നാണ് നിബന്ധന.
എന്നാല്‍ സെക്ഷന്‍ 114 നോട്ടീസ് പ്രകാരം പാപ്പരായി മാറുന്ന കൗണ്‍സിലുകള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ നിയമം അനുമതി നല്‍കുന്നു. ഇത് ദുരുപയോഗം ചെയ്താണ് കൗണ്‍സിലുകള്‍ അനുമതി തേടാതെ നികുതി വര്‍ദ്ധിപ്പിക്കുന്നത്. ഈ നിയമമാറ്റത്തിന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ അംഗീകാരം നല്‍കുന്നുണ്ട്.
ഇതോടെ എട്ട് കൗണ്‍സിലുകളില്‍ പെടുന്ന ഏകദേശം 4.4 മില്ല്യണ്‍ താമസക്കാരാണ് നികുതിഭാരത്തിന്റെ തിരിച്ചടി നേരിടുക. കൗണ്‍സിലുകള്‍ പോക്കറ്റടിക്കുകയാണ് ചെയ്യുന്നതെന്ന് ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ് പ്രതികരിച്ചു.