ഇയോവിന്‍ കൊടുങ്കാറ്റ് കടുത്ത നാശം വിതച്ചതിന് പിന്നാലെ 80 മൈല്‍ വേഗത്തിലുള്ള ഹെര്‍മിനിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകള്‍ ഒഴിവാക്കാന്‍ വിവിധ ഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് മേഖലയിലേക്കും, വെയില്‍സിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോണ്‍വാള്‍ പ്രെഡാനാകില്‍ 82 മൈല്‍ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്.
ഇയോവിന്‍ കൊടുങ്കാറ്റിന്റെ ആഘാതം നേരിട്ട മേഖലകള്‍ പുതിയ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്‌കോട്ട്‌ലണ്ടിലെ ഉയര്‍ന്ന മേഖലകളില്‍ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഇയോവിന്‍ കൊടുങ്കാറ്റ് ശക്തമായ മഴയും, കാറ്റുമാണ് സമ്മാനിച്ചതെങ്കില്‍ വെസ്റ്റ് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ദുരിതം തുടരുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ആര്‍എസി ബ്രേക്ക്ഡൗണ്‍ വക്താവ് ആലിസ് സിംപ്‌സണ്‍ പറഞ്ഞു.
തിങ്കളാഴ്ചയും സൗത്ത് യുകെയില്‍ മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിലവിലെ സൂചനകള്‍.